കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ. പാലിയേറ്റീവ് പ്രവർത്തനത്തിന് തുടക്കമായി
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ പാലിയേറ്റീവ് ട്രോമാകെയർ പ്രവർത്തനം ആരംഭിക്കുന്നു. കൊയിലാണ്ടി നഗരസഭ ചേമഞ്ചേരി , ചെങ്ങോട്ടുകാവ്, കീഴരിയൂർ , അരിക്കുളം എന്നീ സ്ഥലങ്ങളാണ് പ്രവർത്തന മേഖല. ഇതിന്റെ ലോഗോ പ്രകാശനം ഡി.വൈ.എഫ്.ഐ.അഖിലേന്ത്യാ പ്രസിഡണ്ട് പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ.ജി.ലിജിഷ് ഏറ്റുവാങ്ങി. ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള 142 യൂണിറ്റുകളുടെ നേതൃത്വത്തിലായിരിക്കും സ്വാന്തന പരിചരണം നടത്തുക. ഇതിനായി പ്രാദേശിക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ആയിരം വളണ്ടിയർമാർക്ക് പരിശീലനം നൽകും.ഇവരുടെ സേവനം താലൂക്ക് ആശുപത്രിയിലും ലഭ്യമാക്കും. ആംബുലൻസ്, ജീവൻ രക്ഷാ ഔഷധങ്ങൾ എന്നിവയും സമാഹരിക്കും. കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തി പരിചരിക്കാൻ ഹോം കെയർ യൂണിറ്റ് ആരംഭിക്കും. തെരഞ്ഞെടുത്ത ആയിരം രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകും.

ജൂൺ മൂന്ന്, നാല് തിയ്യതികളിൽ ഇതിനായി ധനസമാഹരണം നടത്തും. പദ്ധതിയുടെ ഭാഗമായി വധൂവരൻമാരിൽ നിരവധി ഉപഹാരങ്ങളും ധനസമാഹരണവും ഏറ്റുവാങ്ങി കഴിഞ്ഞെന്നും, പൊതുസമൂഹത്തിനിടയിൽ മികച്ച സഹകരണം ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, പ്രസിഡണ്ട് സി. ടി. അഭിലാഷ്, പ്രജിത്ത് നടേരി, പി. കെ. ഷൈജു എന്നിവരും പങ്കെടുത്തു.

