KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ ഗതാഗത പ്രശ്‌നം പരിഹാരം കാണാതെ അധികാരികൾ

കൊയിലാണ്ടി> അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പട്ടണത്തിലെ ഗതാഗതക്കുരുക്ക് പൊതുജനങ്ങൾക്ക് തീരാ ശാപമായരിക്കുകയാണ്. ദീർഘദൂരത്തേയ്ക്ക് പോകാനുളള യാത്രക്കാർ കൊയിലാണ്ടിയിലെത്തിയാൽ പട്ടണം മറികടക്കാൻ കുറുക്കുവഴികൾ തേടുകയും ലക്ഷ്യസ്ഥാനത്തേക്കെത്താൻ മണിക്കൂറുകൾ വൈകുമ്പോൾ ആയിരങ്ങളുടെ ശാപമാണ് കൊയിലാണ്ടി ഏറ്റുവാങ്ങുന്നത്. ഇതൊക്കെ കണ്ടും കേട്ടും അറിഞ്ഞിട്ടും കണ്ണടയ്ക്കുന്ന അധികാരികൾ ഉത്തവവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. നഗരസഭയും ട്രാഫിക്ക് പോലീസും നഗരത്തിൽ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരുമ്പോഴും ദീർഘവീക്ഷണമില്ലായ്മ കാരണം ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നു. ജനപ്രതിനിധികളെയും സംഘടന ഭാരവാഹികളെയും അവഗണിച്ച് ചുരുക്കം ചില ഉദ്യോഗസ്ഥരും ഭരണാധികാരികളും മാത്രം പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുമ്പോൾ വലിയ താളപ്പിഴകൾ സംഭവിക്കുന്നു. പുതിയ ബസ്റ്റാന്റ് പരിസരം അനധികൃത പാർക്കിംഗ് മൂലം പൊതുജനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത്. ബസ്റ്റാന്റിന്റെ മെയിൻ എൻട്രൻസ് ഇപ്പോൾ ദീർഘ ദൂര വാഹനങ്ങൾ കടത്തിവിടാതെ നടത്തിയപരിഷ്‌ക്കാരം തീരാ ദുരിതമാണ് സമ്മാനിച്ചത്. ഈ പ്രദേശമാകെ ഇപ്പോൾ ഓട്ടോറിക്ഷകളും ബൈക്കുകളും കയ്യടക്കിയിരിക്കുകയാണ്. ഇത് പഴയസ്ഥിതിയിൽ ആക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ ഓട്ടോറിക്ഷകൾക്കും മറ്റു വാഹനങ്ങൾക്കും ടൗണിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയാൽ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ദേശീയ പാത വികസനം, ബൈപ്പാസ്, തീരദേശറോഡ് എന്നിവ യാഥാർത്ഥ്യമായാൽ വലിയൊരളവ് പ്രശ്‌നത്തിന് പരിഹാരമാകും. ഇതോടൊപ്പം എൻ.എച്ചിലെ ഓട്ടോ പാർക്കിംഗും മറ്റ് അനധികൃത പാർക്കിംഗും ഒഴിവാക്കേണ്ടതുണ്ട്. എൻ.എച്ചിലെ മാഞ്ഞുപോയ സീബ്രാലൈനും സൈൻ ബോഡുകളും അടിയന്തിരമായി സ്ഥാപിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട ജംങ്ഷനിൽ ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ മുൻപെടുത്ത തീരുമാനം നടപ്പിലാക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.