കൊയിലാണ്ടിയിലെ ക്രമസമാധാന പ്രശ്‌നം: രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തു

കൊയിലാണ്ടി: ഉൽസവങ്ങളുടെയും ആഘോഷങ്ങളുടെയും പേരിൽ ഉണ്ടാവുന്ന ക്രമസമാധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു. കൊയിലാണ്ടി പോലീസാണ് യോഗം വിളിച്ചു ചേർത്തത്.
സംഘർഷങ്ങളോ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ അതത് രാഷ്ട്രീയ കക്ഷിയുടെ നേതാക്കൾ പരസ്പരം ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കണം. പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബാനറുകൾ ,പോസ്റ്ററുകൾ എന്നിവ അതത് പാർട്ടിക്കാർ തന്നെ നീക്കം ചെയ്യണം. ഇലട്രിക് പോസ്റ്റുകളിലും ചുമരുകളിലും ഉള്ള എഴുത്തുകൾ മായ്ക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിർത്താൻ ശക്തമായ നടപടി സ്വീകരിക്കും.

കൊയിലാണ്ടി സി.ഐ.കെ ഉണ്ണികൃഷ്ണൻ, എസ്.ഐ.കെ. സുമിത്ത് കുമാർ, അഡീഷണൽ എസ്.ഐ.കെ.കെ. വേണു വിവിധ പാർട്ടികൾക്ക് വേണ്ടി, കെ.കെ.മുഹമ്മദ്, സി.അശ്വനി ദേവ്, നടേരി ഭാസ്കരൻ , എൻ.വി. ഗോപിനാഥ്, അഡ്വ.വി. സത്യൻ, അഖിൽ പന്തലായനി, വി.പി.ഇബ്രാഹിം കുട്ടി, കെ.എം. നജീബ് തുടങ്ങിയവർ പങ്കെടുത്തു.

