കൊയിലാണ്ടിക്കാർ ഹരിദാസൻ മാസ്റ്ററെ ഓർമ്മിക്കുമ്പോൾ…

കൊയിലാണ്ടി: മികച്ച കായികാധ്യാപകനും പരിശീലകനും പൊതുപ്രവര്‍ത്തകനുമായിരുന്ന കപ്പന ഹരിദാസൻ മാസ്റ്ററുടെ വിയോഗം നാടിന് തീരാനഷ്ടം. തുവ്വക്കോട് എല്‍.പി സ്‌കൂള്‍ മാനേജരും കൊയിലാണ്ടി നഗരസഭാ കൗണ്‍സിലറുമായിരുന്ന ഹരിദാസന്‍ മാസ്റ്റർ എന്‍.സി.പിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
കുറുവങ്ങാട് സെന്‍ട്രല്‍ യു.പി. സ്‌കൂള്‍ കായിക അധ്യാപകനെന്ന നിലയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്, ചെസ്സ്, നീന്തല്‍ എന്നിവയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി തല മീറ്റില്‍ 5000, 800 മീറ്റര്‍ ഓട്ടത്തില്‍ റിക്കാര്‍ഡിന് ഉടമയായിരുന്നു.

റിട്ടയര്‍ ചെയ്ത ശേഷവും നഗരസഭയിലേയും സമീപപഞ്ചായത്തുകളിലെയും നിരവധി വിദ്യാലയങ്ങളില്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് കായികപരിശീലനം നല്‍കി. ചെങ്ങോട്ടുകാവില്‍ കഴിഞ്ഞ ദിവസവും കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ അദ്ദേഹമുണ്ടായിരുന്നു.

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും മണ്ഡലം പ്രസിഡണ്ടായിട്ടുണ്ട്. ഡി.ഐ.സി യിലൂടെയാണ് എന്‍.സി.പിയില്‍ എത്തിയത്. കുറുവങ്ങാട് കാക്രാട്ട് കുന്ന് ഡിവിഷനില്‍ നിന്നാണ് നഗരസഭയിലേക്ക് വിജയിച്ചത്. കൊയിലാണ്ടി നഗരസഭയുടെ കായികപോഷണ പരിപാടിക്ക് നേതൃത്വം നല്‍കിയത് ഹരിദാസൻ മാസ്റ്ററായിരുന്നു.

തപാല്‍ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും വന്‍ ശേഖരത്തിന് ഉടമയായ ഹരിദാസന്‍ മാസ്റ്റര്‍ വിദ്യാലയങ്ങളിലും മറ്റും സ്റ്റാമ്പ്-നാണയ പ്രദര്‍ശനം ഒരുക്കിയിരുന്നു. ചരിത്ര സ്മാരകങ്ങളും പുണ്യതീര്‍ഥങ്ങളും തേടി പുസ്തകം പ്രകാശനം ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിത മരണം.
