കൊട്ടിയൂര്‍ പീഡനം: അഞ്ച് കന്യാസ്ത്രീകളെ പ്രതി ചേര്‍ത്തു

കോഴിക്കോട്: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിരയായ പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവെക്കാനും കുറ്റം മറയ്ക്കാനും ശ്രമിച്ചതിന് പിന്നില്‍ നടന്നത് വന്‍ ഗൂഢാലോചന. സംഭവത്തില്‍ അഞ്ച് കന്യാസ്ത്രീകളെ
പ്രതി ചേര്‍ത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി ഏറ്റെടുത്തതിലൂടെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി( സി.ഡബ്ലു.സി) ഗുരുതര വീഴ്ച വരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിനു പകരം തിരുത്തി 18 എന്നെഴുതി ചേര്‍ക്കുകയായിരുന്നു. ഫെബ്രുവരി ഏഴാം തീയതി എത്തിച്ച കുഞ്ഞിനെ ഹാജരാക്കിയത് 20 നാണ്.

അതേസമയം സി.ഡബ്ല്യൂ.സി അംഗമായ കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയില്‍ വച്ചാണ് കുട്ടിയെ കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ ഇതുവരെ കന്യാസ്ത്രീകളടക്കം 12 പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ കൂടി ഇന്ന് അറസ്റ്റിലാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

പെണ്‍കുട്ടി പ്രസവിച്ച തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഓര്‍ഫനേജിലെ സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ മാതൃവേദി അംഗം തങ്കമ്മ, ഡോ ഹൈദരാലി എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

