KOYILANDY DIARY

The Perfect News Portal

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 30ന്

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 30ന് നടക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ആലുവയില്‍ വെച്ചായിരിക്കും ഉദ്ഘാടന ചടങ്ങ്.

പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ അദ്ദേഹത്തിനായി അനന്തമായി കാത്തിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ മെട്രോ ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

പ്രധാനമന്ത്രിയുടെ സമയം ചോദിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നുവെങ്കിലും ഇതു വരെ മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് വിവരം. പ്രധാനമന്ത്രി എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിയാകും ഉദ്ഘാടനം ചെയ്യുക.

Advertisements

രണ്ടാഴ്ച മുമ്പ്‌ സുരക്ഷാ കമ്മീഷണര്‍ മെട്രോയ്ക്ക് യാത്രാനുമതി നല്‍കിയിരുന്നു. മൂന്നു ദിവസത്തെ വിശദ പരിശോധനകള്‍ക്കു ശേഷമാണ് കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ െറയില്‍ സുരക്ഷാ കമ്മിഷണറുടെ യാത്രാനുമതി ലഭിച്ചത്. തുടര്‍ന്ന് മെയ് 10 മുതല്‍ ട്രയല്‍ സര്‍വീസും ആരംഭിച്ചിരുന്നു.

കൊച്ചി മെട്രോയില്‍ മിനിമം യാത്രാക്കൂലി പത്തു രൂപയായിരിക്കും. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ ഓടുന്ന മെട്രോയ്ക്ക് 11 സ്റ്റേഷനുകളാണ് ഉണ്ടാവുക. രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന മെട്രോ രാത്രി 10 മണിക്ക് സര്‍വീസ് അവസാനിപ്പിക്കും.

ആലുവ മുതല്‍ പാലാരിവട്ടം വരെയുളള ആദ്യഘട്ടദൂരം ഓടിയെത്താന്‍ മെട്രോയ്ക്കുവേണ്ടത് 20 മിനിറ്റ് മാത്രമാണ്. മൂന്നുകോച്ചുകളുള്ളതാണ് ട്രെയിന്‍. ഒരു കോച്ചില്‍ 136 പേര്‍ക്ക് ഇരുന്നു യാത്രചെയ്യാം. നില്‍ക്കുന്നവരുടെകൂടി കണക്കെടുത്താല്‍ 975 പേര്‍ക്ക് ഒരു ട്രെയിനില്‍ യാത്ര ചെയ്യാം. 35 കിലോമീറ്ററാകും ആദ്യഘട്ടത്തില്‍ ശരാശരി വേഗം.

തുടക്കത്തില്‍ ഒമ്പത് ട്രെയിനുകള്‍ സര്‍വീസിനുണ്ടാകും. പത്തു മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. ആലുവ കമ്ബനിപ്പടി, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍. ആലുവയില്‍നിന്ന് കമ്ബനിപ്പടി വരെ 20 രൂപയാണ് നിരക്ക്. കളമശേരി വരെ 30 രൂപ ഇടപ്പള്ളി വരെ 40.

വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകും.കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് എന്ന പേരില്‍ പുറത്തിറക്കുന്ന യാത്രാ കാര്‍ഡുപയോഗിച്ച്‌ മെട്രോയില്‍ മാത്രമല്ല, വാട്ടര്‍ മെട്രോയിലും യാത്രയാകാം. ഷോപ്പിങ്ങിനും ഈ കാര്‍ഡ് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *