കൊച്ചി മെട്രോയുടെ അന്തിമ പരിശോധന ആലുവയില്‍ ആരംഭിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ വാണിജ്യ ഓട്ടത്തിന് അനുമതി നല്‍കുന്നതിനുള്ള സിഎംആര്‍എസ് അന്തിമ പരിശോധന ആലുവയില്‍ ആരംഭിച്ചു. രാവിലെ 9 ന് തുടങ്ങിയ പരിശോധന വെള്ളിയാഴ്ച വരെ തുടരും. സിഎംആര്‍എസ് ബാംഗ്ലൂര്‍ കേന്ദ്രത്തിന്റെ തലവന്‍ കെഎ മനോഹരന്റെ നേതൃത്വത്തിലാണ് പരിശോധന. ത്രിദിന പരിശോധന സംഘത്തില്‍ ട്രാക്ഷന്റെയും ഇലക്ട്രിക്കലിന്റെയും രണ്ട് ഡെപ്യൂട്ടി ഓഫീസര്‍മാരും പങ്കെടുക്കും.
മുട്ടത്തിന് മുമ്പുള്ള നാല് സ്റ്റേഷനുകളുടേയും പാതയുടേയും പരിശോധനയാണ് ഇന്ന് നടക്കുക. സിഎംആര്‍എസിന്റെ അന്തിമ അനുമതി കൂടി ലഭിച്ചു കഴിഞ്ഞാല്‍ കൊച്ചി മെട്രോയുടെ ആദ്യ ഘട്ട കമ്മീഷനിംഗ് സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാകും.

മെട്രോ ട്രെയിനിന്റേയും പാളത്തിന്റേയും സിഗ്നല്‍ സംവിധാനങ്ങളുടേയും പ്രവര്‍ത്തന കാര്യക്ഷമതയും മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തും.ആലുവ, മുട്ടം സ്‌റ്റേഷനുകളിലാവും ആദ്യ ദിനത്തിലെ പരിശോധന.

രണ്ടാം ദിവസം കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി സ്റ്റേഷനുകളിലും മൂന്നാം ദിവസം ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം സ്റ്റേഷനുകളിലും പരിശോധന നടക്കും. പരിശോധനയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്. റെയില്‍ സുരക്ഷ കമ്മീഷണറുടം അനുമതി ലഭിച്ചാല്‍ ഈ മാസം അവസാന ആഴ്ചയോടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പാതയില്‍ സര്‍വ്വീസ് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഡിഎംആര്‍സിയും കെഎംആര്‍എല്ലും.മെട്രോ യാര്‍ഡിലേയും സറ്റേഷനുകളിലേയും സജ്ജീകരണങ്ങളും സൗകര്യങ്ങളും അവസാന മിനുക്കുപണിയിലാണ്.

