കൊച്ചിയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി ബിഹാര്‍ സ്വദേശി പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ഒന്നരലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പുതുവത്സര കച്ചവടത്തിനായി ബിഹാര്‍ സ്വദേശി സഞ്ജയ് കുമാര്‍ ശേഖരിച്ചുവച്ച നിരോധിത പുകയില ഉത്പന്നങ്ങളാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. പുല്ലേപ്പടിക്ക് സമീപത്ത് മുറി വാടകയ്ക്ക് എടുത്താണ് ഒന്നരലക്ഷം രൂപ വില വരുന്ന ഉത്പന്നങ്ങള്‍ സൂക്ഷിച്ചത്.
ബിഹാറില്‍ നിന്നും കൊണ്ടു വന്ന പുകയില ഉത്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു. ചില്ലറ വില്‍പ്പനക്ക് പുറമെ കൊച്ചി നഗരത്തിന്റെ പല ഭാഗത്തേക്കും പുകയില ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടവും സഞ്ജയ് കുമാര്‍ നടത്തിവരുന്നുണ്ടായിരുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാളുടെ പക്കല്‍ നിന്നും പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു സഞ്ജയ്കുമാര്‍.

മാസങ്ങളായി ബിഹാറില്‍ നിന്നും ഇയാള്‍ ട്രെയിന്‍ മാര്‍ഗ്ഗം പുകയില ഉത്പന്നങ്ങള്‍ കൊച്ചിയിലെത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. എറണാകുളം നോര്‍ത്ത് സൗത്ത് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ വേഗത കുറയുന്ന സമയത്ത് പുകയില ചാക്കുകള്‍ ഇറക്കുകയാണ് പതിവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു. പ്രതിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

