കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

വടകര: ദേശീയപാതയില്‍ വടകര കൈനാട്ടിക്കു സമീപം കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ നാലു യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മാഹി പുന്നോല്‍ കുറിച്ചിയിലിലെ സൈനബാഗ് ഹൗസില്‍ അനസ് (20), പരയങ്ങാട്ട് ഹൗസില്‍ സഹീര്‍ (21), റൂഫിയ മന്‍സിലില്‍ നിഹാല്‍ (20), പുന്നോലിലെ തന്നെ സുലൈഖ മഹലില്‍ മുഹമ്മദ് തലത്ത് ഇക്ബാല്‍ (20) എന്നിവരാണ് മരിച്ചത്. ത്വല്‍ഹത്ത് (20) എന്നയാള്‍ക്കാണ് പരിക്കേറ്റത്.
ഒരാളെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട്ടുപോയി വസ്ത്രങ്ങള്‍ എടുത്തു മടങ്ങുകയായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ച കാര്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഇതിനുള്ളില്‍ കുടുങ്ങിപ്പോയ യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരെയും വടകര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേര്‍ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ വടകര ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇസ്മയിലിന്റെയും ഫൈറൂസിയുടെയും മകനാണ് അനസ്. പരയങ്ങാട്ട് ഹാരിസിന്റെയും താഹിറയുടെയും മകനാണ് സഹീര്‍. നിഹാലിന്റെ പിതാവ്: നൗഷാദ്. മാതാവ്: റൂഫിയ.

