കേരളാമോഡല്‍ സേവനത്തിന‌് ആവശ്യമുയരുന്നത‌് ചിട്ടയായ ഇടപെടല്‍കൊണ്ട‌്: മുഖ്യമന്ത്രി

കൊച്ചി: കേരളാമോഡല്‍ ഹജ്ജ് സേവനം ഇതര സംസ്ഥാനങ്ങളില്‍ക്കൂടി നടപ്പാക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ആവശ്യപ്പെടുന്നത് സംസ്ഥാന സര്‍ക്കാരിന്റെയും ഹജ്ജ‌് കമ്മിറ്റിയുടെയും ചിട്ടയായ ഇടപെടല്‍കൊണ്ടാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹജ്ജിനു പോകുന്നവര്‍ക്ക‌്, അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ തിരിച്ചുവരുന്നതുവരെ ആവശ്യമായ എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും സമയബന്ധിതമായി ചെയ്തുകൊടുക്കാന്‍ സര്‍ക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഹജ്ജ‌് ക്യാമ്ബ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാരിനൊപ്പം ചേര്‍ന്ന‌് ഹജ്ജ് കമ്മിറ്റി നടത്തുന്ന സമയോചിതവും ഫലപ്രദവുമായ ഇടപെടല്‍ പ്രശംസനീയമാണ്. സമാധാനം, ത്യാഗം, സാഹോദര്യം എന്നീ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന കര്‍മം എന്ന നിലയില്‍ ഹജ്ജിനുള്ള സാമൂഹ്യപ്രാധാന്യം വലുതാണ്.

ഇന്ത്യയില്‍നിന്ന് സര്‍ക്കാര്‍ വഴി ഇത്തവണ ഒന്നേമുക്കാല്‍ ലക്ഷം പേരാണ് ഹജ്ജിനു പോകുന്നത്. കേരളത്തില്‍നിന്ന് പന്ത്രണ്ടായിരത്തോളം പേരുണ്ട‌്. രണ്ടുവയസ്സില്‍ താഴെയുള്ള 25 കുഞ്ഞുങ്ങളും ഇത്തവണ യാത്രാ സംഘത്തിലുണ്ട്. ഇന്ത്യയില്‍നിന്ന‌് പുരുഷസഹായമില്ലാതെ പോകുന്ന 1300 വനിതാ ഹാജുമ്മമാരില്‍, 1100 പേരും കേരളത്തില്‍ നിന്നാണ്. ഇന്ത്യയില്‍ ഹജ്ജിന‌് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് കേരളത്തിലാണ്. എന്നാല്‍, അപേക്ഷകരുടെ എണ്ണത്തിനനുസരിച്ചുള്ള ക്വാട്ട ഇനിയും ലഭ്യമായിട്ടില്ല. ഇക്കാര്യം നിരവധി തവണ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അനുകൂല സമീപനമുണ്ടായില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിസ്വാര്‍ഥ സേവനം നടത്തുന്ന ഹജ്ജ് ട്രെയ്നര്‍മാര്‍, ക്യാമ്ബ് വളന്റിയര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനം കേരളത്തിന്റെ മാത്രം സവിശേഷതയാണ്. പ്രതിഫലം പറ്റാതെയാണ് അവര്‍ ഈ സേവനം ചെയ്യുന്നത്. മൂന്ന് വനിതകളുള്‍പ്പെടെ 58 പേരാണ് ഇത്തവണ സൗദിയിലേക്ക് വളന്റിയര്‍ സേവനത്തിനു പുറപ്പെടുന്നത്. ഇവര്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നല്‍കിയ പരിശീലനത്തിനു പുറമേ കേരളത്തില്‍ രണ്ടുദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കാനും കഴിഞ്ഞു.

തീര്‍ഥാടകര്‍ക്കുവേണ്ട കുത്തിവയ്പ്പ‌് നല്‍കാനും പ്രതിരോധ മരുന്നു ലഭ്യമാക്കാനും ആരോഗ്യവകുപ്പ‌് ശ്രദ്ധിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ യഥാര്‍ഥ സത്ത ഉള്‍ക്കൊണ്ട‌്, ശാന്തിയുടെ ദൂതന്മാരായി മടങ്ങിയെത്താന്‍ പുറപ്പെടുന്ന എല്ലാവര്‍ക്കും ശുഭയാത്ര നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനായി.
