കേരളത്തില്‍ എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

കൊച്ചി: തിയേറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതുമായ ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കത്തെ തുടര്‍ന്ന് കേരളത്തില്‍ എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് നേതാവ് ലിബര്‍ട്ടി ബഷീറാണ് സമരം പിവലിച്ച വിവരം അറിയിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് സമരം പിന്‍വലിക്കുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. സിനിമാ പ്രതിസന്ധി അവസാനിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ ആദ്യം സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.
നടന് ദിലീപിന്റെ നേതൃത്വത്തില്‍ ഫെഡറേഷനെ പിളര്‍ത്തി ഇന്ന് തിയേറ്റര്‍ ഉടമകള്‍ പുതിയ സംഘടന രൂപവത്കരിക്കാനിരിക്കെയാണ് സമരം പിന്‍വലിക്കുന്നത്. സംഘടനയുടെ എതിര്‍പ്പ് വകവയ്ക്കാതെ മുപ്പതോളം തിയേറ്ററുകള്‍ തമിഴ്ചിത്രമായ ഭൈരവ റിലീസ് ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇരുപതോളം തിയേറ്ററുകള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങി പുതിയ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള ആലോചനയിലായിരുന്നു. ഈ അമ്പത് തിയേറ്ററുകളെ കൂട്ടുപിടിച്ചാണ് ദിലീപ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒത്താശയോടെ പുതിയ സംഘടനയ്ക്കുള്ള നീക്കം ആരംഭിച്ചത്. ഇന്ന് കൊച്ചിയില്‍ വച്ച് പുതിയ സംഘടന പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു.

തിയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം ആവശ്യപ്പെട്ടാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ ക്രിസ്മസ് സീസണില്‍ സമരം ആരംഭിച്ചത്. എന്നാല്‍, നിലവിലെ 60:40 അനുപാതത്തില്‍ ഒരു കാരണവശാലും മാറ്റം അനുവദിക്കില്ലെന്ന കടുംപിടിത്തത്തിലായിരുന്നു വിതരണക്കാരും നിര്‍മാതാക്കളും. മന്ത്രി എ.കെ.ബാലന് ഇടപെട്ടിട്ടും ഇരുകൂട്ടുരം അയഞ്ഞില്ല. ഒടുവില്‍ മുഖ്യമന്ത്രി തന്നെ സര്‍ക്കാരിന്റെ കര്‍ക്കശ നിലപാട് അറിയിച്ച് രംഗത്ത് വരികയായിരുന്നു. തിയേറ്റര്‍ ഉടമകള്‍ ഏകപക്ഷീയമായാണ് സമരം നടത്തുന്നതെന്നും മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

ക്രിസ്മസ് റിലീസായി നിശ്ചയിച്ചിരുന്ന മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന് അന്തിക്കാടിന്റെ ദുല്‍ഖര്‍ സല്മാന് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജിന്റെ എസ്ര, സിദ്ദിഖിന്റെ ജയസൂര്യ ചിത്രം ഫുക്രി എന്നിവയാണ് തിയേറ്റര്‍ സമരത്തെത്തുടര്‍ന്ന് റിലീസ് മുടങ്ങിയത്.

