KOYILANDY DIARY

The Perfect News Portal

കേരളത്തിലെ ഏറ്റവും വലിയ വര്‍ണ്ണമത്സ്യങ്ങളുടെ അക്വേറിയം വയനാട്ടില്‍

വയനാട്‌: കേരളത്തിലെ ഏറ്റവും വലിയ വര്‍ണ്ണമത്സ്യങ്ങളുടെ അക്വേറിയം വയനാട്ടിലെ കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വെള്ളടക്കുന്നില്‍ പ്രവര്‍ത്തനം തുടങ്ങി. വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഈ അക്വേറിയത്തില്‍ വിവിധയിനം അലങ്കാര മത്സ്യങ്ങളെ പരിചയപ്പെടാം.

ഫിഷറീസ് വകുപ്പ് 111.52 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പബ്ലിക് അക്വേറിയത്തില്‍ 29 ഇനം മത്സ്യങ്ങളുണ്ട്. അലങ്കാര, നാടന്‍ വിഭാഗങ്ങളില്‍പ്പെടുന്ന വര്‍ണ്ണ മീനുകളെയാണ് 3000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ച അക്വേറിയത്തിലെ സംഭരണികളില്‍ നിക്ഷേപിച്ചിരിക്കുന്നത്.

മത്സ്യങ്ങളുടെ പ്രദര്‍ശനത്തിനും സഞ്ചാരികളുടെ ബോധവത്കരണത്തിനുമായി സജ്ജമാക്കിയ അക്വേറിയത്തില്‍ ഇതോടെ സഞ്ചാരികളുടെ തിരക്കേറി. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു സന്ദര്‍ശകരാണ് ദിവസം തേറും ഇവിടെ എത്തുന്നത്.

Advertisements

ഗ്രീന്‍ ടെറര്‍, കോയി കാര്‍പ്, ടൈഗര്‍ ഷവല്‍ നോസ്, ഒറാന്‍ഡ ഗോള്‍ഡ്, നിയോണ്‍ ടെട്രാ, ഫ്രഷ് വാട്ടര്‍ ഈല്‍, മിസ് കേരള, യലോസണ്‍ കാറ്റ് ഫിഷ്, ആര പൈമ, ടൈഗര്‍ ഒസ്കര്‍, പാക്കു, എയ്ഞ്ചല്‍, മലാവി ബയോടോപ്പ്, ടിന്‍ ഫോയില്‍ ബാര്‍ബ്, കരിമീന്‍, റെഡ് പാരറ്റ്, അലിഗേറ്റര്‍ ഗര്‍, ജയന്റ് ഗുരാമി, മലബാര്‍ സ്നേക്ക് ഹെഡ്, ഫ്ളവര്‍ ഹോണ്‍, സാരിവാലന്‍, ബാര്‍ബ്, ഗിഫ്റ്റ്, റെഡ് ടെയില്‍ ഷാര്‍ക്ക്, ടൈഗര്‍ ഷാര്‍ക്ക്, ടൈഗര്‍ ഒസ്കര്‍, റെഡ് സീബ്ര, സില്‍വര്‍ അരോമ എന്നീ ഇനം മത്സ്യങ്ങളാണ് അക്വേറിയത്തിലുള്ളത്.

ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള മത്സ്യകൃഷിക്കാരില്‍നിന്നു ശേഖരിച്ചതാണ് ഈ ഇനങ്ങളില്‍ ഏറെയും. അക്വേറിയത്തില്‍ രാവിലെ ഒമ്ബത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം.

മുതിര്‍ന്നവര്‍ക്ക് 20-ഉം കുട്ടികള്‍ക്ക് 10-ഉം രൂപയുമാണ് ടിക്കറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . നെല്ലാറാച്ചാല്‍ ആദിവാസി കോളനിയിലെ നാല് യുവതികള്‍ക്കാണ് അക്വേറിയം സൂക്ഷിപ്പ് ചുമതലയും ഫിഷറീസ് വകുപ്പ് ഏല്‍പ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *