കേരളത്തിന് കൈത്താങ്ങായി തെലുങ്കാന പോലിസുകാരനും

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ നിന്ന് പതുക്കെ കരകയറുന്ന കേരളത്തിന് കൈത്താങ്ങായി തെലുങ്കാന പോലിസുകാരനും. തന്റെ ഒരു മാസത്തെ വേതനമായ 68,000 രൂപയാണ് ഹൈദരാബാദിലെ ചാര്‍മിനാര്‍ പോലിസ് സ്‌റ്റേഷന്‍ കോണ്‍സ്റ്റബിള്‍ തുടി രാജു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. സിഎംഡിആര്‍എഫിലേക്കുള്ള ചെക്ക് തന്റെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അദ്ദേഹം കൈമാറി. എസ്‌എച്ച്‌ഒയാണ് ഇതിന്റെ ചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുകയും വാട്ട്‌സാപ്പിലും മറ്റും അതിന്റെ ദൃശ്യങ്ങള്‍ കാണുകയും ചെയ്ത അന്നു രാത്രി തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്ന് രാജു പറഞ്ഞു. അന്നു രാത്രി തന്നെയാണ് ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസത്തിനായി നല്‍കാന്‍ താന്‍ തീരുമാനമെടുത്തത്.

കുഞ്ഞുനാളിലേ തന്നെ അച്ഛനെ നഷ്ടമായ താന്‍ ഏറെ കഷ്ടപ്പാടും ദാരിദ്ര്യവും സഹിച്ചാണ് ഇവിടെയെത്തിയതെന്നും പല ദിവസങ്ങളിലും ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തത് കാരണം പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശപ്പിന്റെ വില നന്നായി അറിയാവുന്നതിനാലാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി സംഭാവന നല്‍കാന്‍ തീരുമാനിച്ചതെന്നും രാജു പറഞ്ഞു. തുക കൈമാറുന്ന ചിത്രം പോലിസ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതു മുതല്‍ അഭിനന്ദനവുമായി നിരവധി ഫോണ്‍വിളികളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വണ്‍ മന്ത് ഫോര്‍ കേരള (കേരളത്തിനായി ഒരു മാസം) എന്ന പേരില്‍ നേരത്തേ ക്യാംപയിന്‍ ആരംഭിച്ചിരുന്നു. ജീവനക്കാര്‍ തങ്ങളുടെ ഒരു മാസത്തെ വേതനം ദുരിതബാധിതരുടെ പുനരധിവാസത്തിനായി നല്‍കാന്‍ ആഹ്വാനം ചെയ്യുന്ന ക്യാംപയിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും ക്യാംപയിന്റെ ഭാഗമാവാന്‍ ഇതിനകം മുന്നോട്ടുവരികയുണ്ടായി.

തെലുങ്കാന ഗസറ്റഡ് ഓഫീസര്‍മാരുടെ അസോസിയേഷന്‍ അവരുടെ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നേരത്തേ സംഭാവനയായി നല്‍കിയിരുന്നു. മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലെ കലക്ടറേറ്റ് ജീവനക്കാരും ഒരു ദിവസത്തെ വേതനം കേരളത്തിലെ വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്കായി നല്‍കിയതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു.
പ്രളയക്കെടുതി കാര്യമായി ബാധിക്കാത്ത ജില്ലയെന്ന നിലയില്‍ പ്രളയബാധിത കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തില്‍ കണ്ണൂരുകാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. നമ്മുടെ വീടിനകത്ത് വെള്ളം കയറിയിരുന്നെങ്കിലുണ്ടാവുന്ന നാശനഷ്ടങ്ങള്‍ മാത്രം കണക്കിലെടുത്താന്‍ ഏതാനും മാസങ്ങളിലെ ശമ്ബളം അതിനായി നീക്കിവയ്‌ക്കേണ്ടി വരുമായിരുന്നുവെന്നും പ്രളയത്തില്‍ മുങ്ങിയ കേരളത്തെ രക്ഷിക്കാന്‍ ഒരു മാസത്തെ ശമ്ബളം മാറ്റിവയ്ക്കുന്നത് വലിയ ഒട്ടും അധികമാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
