കേരളത്തിന് ആശ്വാസം; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കും

ദില്ലി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് കുറയ്ക്കാന്‍ തീരുമാനം. ജലനിരപ്പ് ഘട്ടം ഘട്ടമായാണ് കുറയ്ക്കുക. ദുരന്ത നിവാരണ സമിതിയുടെയും ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
ദുരന്ത നിവാരണ സമിതിയുടെയും ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142ല്‍ നിന്ന് താഴ്ത്താന്‍ തീരുമാനമായത്. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ജലനിരപ്പ് എത്ര കുറയ്ക്കണമെന്നും 139 അടിയാക്കണമോ എന്നും സാഹചര്യങ്ങള്‍ പരിശോധിച്ചായിരിക്കും തീരുമാനിക്കുക. സംയുക്ത യോഗത്തിന്റെ തീരുമാനങ്ങള്‍ തമിഴ്നാട് കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

കേരളം പുനരധിവാസത്തിനുള്ള അടിയന്തര നടപടികളുമായി മുന്നോട്ട് പോകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പുനരധിവാസവുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച നടപടികളെക്കുറിച്ച് കേരള ചീഫ് സെക്രെട്ടറി സത്യവാങ്മൂലം നല്‍കാനും കോടതി അവശ്യപ്പെട്ടിട്ടുണ്ട്

