കേരളം കണ്ട ഏറ്റവും വലിയ കരിമരുന്ന് ദുരന്തം

കൊല്ലം > കേരളം കണ്ട ഏറ്റവും വലിയ കരിമരുന്ന് ദുരന്തം. പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെയുണ്ടായ വന്‍സ്ഫോടനത്തില്‍ 106 പേര് മരിച്ചു. 381 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 25 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 31 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 84 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് രാജ്യത്തെ നടുക്കിയ സംഭവം. ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചായിരുന്നു മത്സരക്കമ്പം. വെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ അവശിഷ്ടം ഉല്‍സവപറമ്പില്‍ വെടിക്കോപ്പുകള്‍ സൂക്ഷിച്ച കമ്പപ്പുരയില്‍ പതിച്ചതാണ് വന്‍ദുരന്തത്തിനു കാരണമായത്്. ഗുരുതരമായി പൊള്ളലേറ്റും ചിതറിത്തെറിച്ച കോണ്‍ക്രീറ്റ് കമ്പപ്പുരയുടെ അവശിഷ്ടങ്ങള്‍ പതിച്ചുമാണ് മിക്കവരും മരിച്ചത്. നൊടിയിടയില്‍ ക്ഷേത്രമൈതാനം ശവപ്പറമ്പായി. വൈദ്യുതിമുടങ്ങിയതും ജനക്കൂട്ടം പരക്കം പാഞ്ഞതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.

ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കോണ്‍ക്രീറ്റ് കമ്പപ്പുര, ക്ഷേത്രം ഓഫീസ് എന്നിവ നിശ്ശേഷം തകര്‍ന്നു. ഉപദേവതാക്ഷേത്രങ്ങളും സ്വര്‍ണവും മറ്റും സൂക്ഷിച്ച കൊട്ടാരവും ഭാഗികമായി തകര്‍ന്നു. കോണ്‍ക്രീറ്റ് കഷണങ്ങള്‍ ഒന്നരക്കിലോമീറ്റര്‍ ദൂരെ പരവൂര്‍ ജങ്ഷന്‍വരെ തെറിച്ചു. ഇത് വീണാണ് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചത്. പരിസരത്തെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മുപ്പതോളം വീടുകളുടെ മേല്‍ക്കൂരയും ജനലും വാതിലും തകര്‍ന്നു.

വെടിക്കെട്ടിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് മൌനാനുവാദം നല്‍കുകയായിരുന്നു. വര്‍ഷങ്ങളായി നടക്കുന്ന മത്സരക്കമ്പം വീക്ഷിക്കുന്നതിന് കൊല്ലത്തും സമീപ ജില്ലകളിലുംനിന്ന് ആളുകള്‍ എത്തിയിരുന്നു. ദുരന്തദിനത്തില്‍ ഇരുപത്തിഅയ്യായിരംപേര് എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അപകടസമയത്ത് ജനങ്ങളില്‍ വലിയൊരു വിഭാഗം പിരിഞ്ഞുപോയിരുന്നു. അല്ലെങ്കില്‍ ദുരന്തം കുടുതല്‍ ഭീകരമായേനെ.

മരിച്ചവരില്‍ ഒരു പൊലീസുകാരനും സ്ത്രീയും ഉള്‍പ്പെടുന്നു. ഒരു കരാറുകാരനും മരിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന അടക്കം ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍ അറിയിച്ചു. ക്ഷേത്രഭരണസമിതിക്കാര്ക്കും കരാറുകാര്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ജുഡീഷ്യല്‍ അന്വേഷണം നടത്താനും മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കൊല്ലത്തുചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്, എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് വി എം സുധീരന് തുടങ്ങിയവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും ദുരന്തസ്ഥലവും സന്ദര്‍ശിച്ചു.
