കേബിൾ ടി.വി. ഒപ്റ്റിക്കൽ ഫൈബർ മുറിച്ചു നശിപ്പിച്ചതായി പരാതി

കൊയിലാണ്ടി:- കേബിൾ ടി.വി.യുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വ്യാപകമായി വെട്ടിമുറിച്ചതായി പരാതി.. ഉള്ള്യേരി പഞ്ചായത്തിലെ പാലോറ സ്റ്റോപ്പിനടുത്ത് ഇലട്രിക് പോസ്റ്റിന് മുകളിലും മറ്റുചിലയിടങ്ങളിലുമാണ് ഒപ്റ്റിക്കൽ ഫൈബർ കേബിൾ മുറിച്ചു നശിപ്പിച്ചിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇതെ തുടർന്ന്, തലക്കുളത്തൂർ, അത്തോളി, ഉള്ള്യേരി, ബാലുശ്ശേരി, പനങ്ങാട്, നന്മണ്ട, തുടങ്ങിയ പഞ്ചായത്തുകളിലും, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ പെട്ട കുറുവങ്ങാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും കേബിൾ സംപ്രേഷണം തകരാറിലായി.
സംഭവവുമായി ബന്ധപ്പെട്ട് അത്തോളി പോലീസിൽ പരാതി നൽകി. ഉത്തരവാദികളെ കണ്ടെത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കേബിൾ ഓപറേറ്റീവ് അസോസിയേഷൻ (COA) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും നേതാക്കൾ പറഞ്ഞു.

