KOYILANDY DIARY

The Perfect News Portal

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എല്‍.എ. വി. ടി ബല്‍റാം

തിരുവനന്തപുരം: ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വ്യവസ്ഥ നടപ്പാക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. കാശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചവരാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താന്‍ പോലും മുന്‍കൂര്‍ അനുമതി തേടണമെന്ന ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം നടപ്പാക്കുന്നതെന്ന് വിടി കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു വിടിയുടെ പ്രതികരണം.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു ഇതാ ഞങ്ങള്‍ ഇന്ത്യയെ ഒന്നിപ്പിക്കുകയാണ്, ഒരു രാജ്യം ഒരു നിയമം, ബാക്കിയുള്ളിടത്തെ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ കശ്മീരില്‍ ഭൂമി വാങ്ങാം, അവിടെ നിന്ന് പെണ്ണ് കെട്ടാം എന്നൊക്കെ. സംഘികളോടൊപ്പം ചേര്‍ന്ന് കുറേ നിഷ്ക്കുകളും കയ്യടിച്ചു.

ഇപ്പോഴിതാ അവര്‍ തന്നെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താന്‍ പോലും മുന്‍കൂര്‍ അനുമതി തേടണമെന്ന ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം ഓരോരോ സംസ്ഥാനങ്ങളിലായി ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു, വിടി ബല്‍റാം കുറിച്ചു.

Advertisements

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രോത്ര വര്‍ഗ മേഖലകളില്‍ പുറമേ നിന്നുള്ളവരുടെ കടന്നുകയറ്റം തടയുന്നതിനും അവരുടെ സാംസ്കാരിക തനിമ നിലനിര്‍ത്തുന്നതിനുമാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് കൊണ്ടുവന്നത്. ഇതുവരെ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം സംസ്ഥാനങ്ങളിലായിരുന്നു പെര്‍മിറ്റ് ബാധകമായിരുന്നത്. ഐഎല്‍പി വിരുദ്ധ നിലപാടാണ് ബിജെപി ഇത്രയും നാള്‍ സ്വീകരിച്ചു പോന്നിരുന്നത്. പൗരത്വ ഭേദഗതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമായതിനേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയത്.

ഡിസംബര്‍ 9 നായിരുന്നു പെര്‍മിറ്റിന്‍റെ പരിധിയില്‍ മണിപ്പൂരിനേയും കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. മേഘാലയിലും ഐഎല്‍പി നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന്‍റെ പരിധിയില്‍ വരാത്ത പ്രദേശങ്ങളിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *