കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി
പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയില്‍ ചെറുമകളുടെ ചോറൂണിനെത്തിയ 52കാരിയായ തീര്‍ത്ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
വധശ്രമക്കേസില്‍ പ്രതി ചേര്‍ത്തതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. നേരത്തെ റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ പ്രതിയായ മറ്റ് നാല് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്.

അതേസമയം സുരേന്ദ്രന് കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. വധശ്രമം, ഗൂഢാലോചന, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ 17 നാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്.




