കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് പലവഴിക്ക് പിരിഞ്ഞ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ലാത്തിചാര്‍ജിനെ തുടര്‍ന്ന് പലവഴിക്ക് പിരിഞ്ഞ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ പാളയത്ത് പലതവണ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ കെ.ഇ ബൈജുവുള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്നുച്ചയ്ക്ക് 12 .30 ഓടെയായിരുന്നു സംഭവം. നിയമസഭാ ഗേറ്റിന് സമീപം റോഡില്‍ മാര്‍ച്ച് തടഞ്ഞ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാനുള്ള ശ്രമമാണ് ബലപ്രയോഗത്തിനും സംഘര്‍ഷത്തിനും കാരണമായത്. ഗ്രനേഡ് പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയും പ്രവര്‍ത്തകരെ പൊലീസ് പിരിച്ചുവിട്ടെങ്കിലും പിന്നീട് പാളയം രക്തസാക്ഷി മണ്ഡപം, യൂണിവേഴ്സിറ്റി ലൈബ്രറി എന്നിവിടങ്ങളില്‍ വച്ചും പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി.

