KOYILANDY DIARY.COM

The Perfect News Portal

കെ. എസ്. ടി. എ ജില്ല അധ്യാപക കലോത്സവം ഒരുക്കങ്ങൾ പൂർത്തിയായി

കൊയിലാണ്ടി: ഡിസംബർ 30, 31 തീയതികളിൽ കൊയിലാണ്ടി ഗവൺമെൻ്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന കെ. എസ്. ടി. എ കോഴിക്കോട് ജില്ലാ അധ്യാപക കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സ്വതന്ത്ര ചിന്തയ്ക്കും ആവിഷ്കാരത്തിനും വിലക്കേർപ്പെടുത്തുന്ന വർത്തമാനകാല ദേശീയ സാഹചര്യത്തിൽ സർഗ്ഗാത്മക അധ്യാപനം പ്രതിരോധ മാർഗ്ഗമായി കണ്ടുകൊണ്ട് സംഘടിപ്പിക്കുന്ന കലോത്സവം ഡിസംബർ 31ന്  പ്രശസ്ത സാഹിത്യകാരൻ കെ. പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ടി കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും കെ എസ് ടി എ ജില്ല- സംസ്ഥാന നേതാക്കളും പങ്കെടുക്കും. കലോത്സവത്തിൻ്റെ ഭാഗമായി പ്രചാരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. 3 സ്റ്റേജുകളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

അധ്യാപകരിലും വിദ്യാർത്ഥികളിലും സർഗ്ഗാത്മക ചിന്തയും യുക്തിചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നവകേരള സൃഷ്ടിക്ക് കരുത്തേകുന്ന ഇത്തരം പരിപാടികളുടെ കാലിക പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 30ന് രാവിലെ കഥാരചന, കവിതാ രചന, ചിത്രരചന, കാർട്ടൂൺ തുടങ്ങിയ രചനാ മത്സരങ്ങൾ നടത്തപ്പെടും. വൈകുന്നേരം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പാട്ട് വരപന്തം എന്ന അനുബന്ധ പരിപാടി കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ ഉദ്ഘാടനം ചെയ്യും. അരങ്ങ് കൊയിലാണ്ടി അവതരിപ്പിക്കുന്ന നാടൻ പാട്ട്, പ്രശസ്ത കവികളുടെ കവിതാലാപനം, പ്രശസ്ത ചിത്രകലാ അധ്യാപകർ പങ്കെടുക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഹിഡൻ അജണ്ടകൾ ആവിഷ്കരിക്കുന്ന ചിത്രരചന തുടങ്ങിയ പരിപാടികൾ ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും. 

ഡിസംബർ 31ന് ഉദ്ഘാടനസമ്മേളനത്തെ തുടർന്നു  ഒപ്പന, മാർഗംകളി, തിരുവാതിരക്കളി, നാടൻപാട്ട്, മോണോആക്ട് തുടങ്ങിയ വൈവിധ്യപൂർണമായ മത്സര പരിപാടികൾ നടത്തപ്പെടും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 2 ദിവസങ്ങളിലായി നിന്ന് നാനൂറോളം അധ്യാപക കലാകാരന്മാർ പങ്കെടുക്കും. സമാപന സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആർ എം രാജൻ, സ്വാഗത സംഘം വൈസ് ചെയർമാൻ പി കെ ഭരതൻ, ജനറൽ കൺവീനർ പി കെ ജിതേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡി കെ ബിജു, സി ഉണ്ണികൃഷ്ണൻ, ഗണേഷ് കക്കഞ്ചേരി എന്നിവർ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *