KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ആർ.ടി.സി ബസ്‌ ടെർമിനലിലെ വാണിജ്യ സമുച്ചയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു

കോഴിക്കോട്‌ കെ.എസ്.ആർ.ടി.സി ബസ്‌ ടെർമിനലിലെ വാണിജ്യസമുച്ചയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ വാണിജ്യ സമുച്ചയം തുറക്കുന്നത്‌. 26ന്‌ ധാരണപത്രം ഒപ്പുവച്ച്‌ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി മന്ത്രി ആൻ്റണി രാജു തുറന്നു കൊടുക്കും. എൽഡിഎഫ്‌ സർക്കാരിൻ്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടി. 2015ൽ ഉദ്‌ഘാടനം കഴിഞ്ഞ കോംപ്ലക്‌സിൻ്റെ നടത്തിപ്പിനായി ടെൻഡർ വിളിച്ചെങ്കിലും ആരും മുന്നോട്ടുവന്നിരുന്നില്ല.  

മാക്‌ അസോസിയേറ്റ്‌സ്‌ എന്ന സ്ഥാപനവുമായുള്ള ആദ്യ കരാർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട്‌  നാലു വർഷത്തിനുശേഷം നടന്ന ടെൻഡറിൽ ഉയർന്ന തുക വാഗ്‌ദാനം ചെയ്‌തത്‌ ആലിഫ് ബിൽഡേഴ്‌സായിരുന്നു. ഈ കമ്പനിക്കാണ്‌ 30 വർഷത്തേക്ക് സമുച്ചയത്തിൻ്റെ നടത്തിപ്പ്‌ അവകാശം. തുടർ നടപടി  വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും മന്ത്രി ആൻ്റെണി രാജുവിനെ സമീപിച്ചിരുന്നു. തുടർന്നാണ്‌  വാണിജ്യസമുച്ചയം തുറക്കാനുള്ള നടപടിയായത്‌. 

നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.2 ലക്ഷം രൂപ വാടകയും ലഭിക്കുന്നത്‌ വഴി കെട്ടിടം നിർമിച്ച കെടിഡിഎഫ്‌സിക്ക്‌ 30 വർഷംകൊണ്ട്  257 കോടി വരുമാനം ലഭിക്കും. ബസ് ടെർമിനൽ കോംപ്ലക്സിൽ യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. നാലുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ബസ് ടെർമിനൽ കോംപ്ലക്സ് 3.22 ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഇതിൽ കടകൾ, ഓഫീസുകൾ, സൂപ്പർ മാർക്കറ്റ്‌ എന്നിവക്കെല്ലാം സൗകര്യമുണ്ട്‌. 74.63 കോടി ചെലവിൽ നിർമിച്ച കോംപ്ലക്സിൽ 11 ലിഫ്റ്റുകളും 2 എസ്കലേറ്ററുകളുമാണുള്ളത്. സമുച്ചയത്തോടു ചേർന്ന് 250 കാറുകൾക്കും 600 ഇരുചക്ര വാഹനങ്ങൾക്കും 40 ബസ്സുകൾക്കും പാർക്ക്‌ ചെയ്യാം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *