കെവിന്‍ കൊലകേസില്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ ഇന്ന് വാദം തുടങ്ങും

കോട്ടയം: കെവിന്‍ കൊലകേസില്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ ഇന്ന് പ്രാഥമികവാദം തുടങ്ങും. കുറ്റം ചുമത്തുന്നതിന് മുമ്ബുള്ള വാദം ഇന്ന് തുടങ്ങാനാണ് കോടതിയുടെ നിര്‍ദ്ദേശം. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളുടെ പകര്‍പ്പും പ്രതികളുടെ അഭിഭാഷകര്‍ക്ക് നല്‍കാന്‍ കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിലെ 13 പ്രതികളോടും ഇന്ന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികളില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. പ്രണയ വിവാഹത്തിന്‍റെ പേരില്‍ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന്‍ കൊലക്കേസ് അതിവേഗം തീര്‍പ്പാക്കാന്‍ കോടതി തീരുമാനിച്ചിരുന്നു.

കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയിലാവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാന്‍ കോടതി ഉത്തരവിട്ടത്. കേരളത്തിലാദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസില്‍ വിചാരണ തുടങ്ങുന്നത്.

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റര്‍ വിവാഹത്തിന്‍റെ രേഖകള്‍ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിര്‍ദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങി.

തുടര്‍ന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. അതിന്‍റെ തലേദിവസം നീനുവിന്‍റെ സഹോദരന്‍ ഷാനുവിന്‍റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിവായത്. നീനുവിന്‍റെ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസില്‍ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.
