കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളും ക്ഷതങ്ങളും എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താനായി സ്ഥല പരിശോധന നടത്തണം. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്ന ശേഷം അന്തിമ റിപ്പോട്ട് നല്‍കുമെന്നും മെഡിക്കല്‍ ബോഡ് വ്യക്തമാക്കി.
കെവിന്റെ മരണത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക നിഗമനം. അന്വഷണ സംഘം തീരുമാനിക്കുന്നതിനനുസരിച്ച് ഫോറന്‍സിക് സംഘം സംഭവ സ്ഥലത്ത് എത്തും. കെവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ഏകദേശം പതിനാറോളം മുറിവുകള്‍ പുഴയിലേക്ക് വീണതിന്റെ ഭാഗമായി ഉണ്ടായതാണോ എന്നാണ് ഇവര്‍ പരിശോധിക്കുക.

കെവിന് ചാലിയേക്കരയില്‍ എത്തിയത് വരെയുള്ള വിവരങ്ങള്‍ ഇപ്പോള്‍ പോലീസിന് കൃത്യമായി അറിയാം. കെവിനെ പ്രതികള്‍ പിന്തുടര്ന്ന് പുഴയിലേക്ക് തള്ളിയിട്ടതാണോ അതോ മുക്കിക്കൊന്നതാണോ എന്നാണ് ഇനി അറിയാനുള്ളത്. ഇത് സംബന്ധിച്ച തെളിവുകള്‍ക്കായാണ് ഇപ്പോള്‍ അന്വേഷണ സംഘം നീങ്ങുന്നത്.

