കെഎസ്‌ആര്‍ടിസി എം പാനല്‍ ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍; ഉന്നതതല യോഗം നാളെ ചേരും

കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ നാളെ തീരുമാനിക്കും. ഇതിനായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
ഇപ്പോള്‍ സര്‍വീസിലുള്ള എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്നാണ് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടത്. പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസിയിലെ 1565 എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണ്ടി വരും. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഈ മാസം 30-നകം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2455 ഒഴിവുകളില്‍ പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണം. ഇവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും പെട്ടെന്ന് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

നേരത്തേ എംപാനല്‍ കണ്ടക്ടര്‍മാരെയും കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് 3,861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനെതിരെ എം പാനല്‍ കണ്ടക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്ന് നിവൃത്തിയില്ലാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ എം പാനല്‍ കണ്ടക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയായിരുന്നു സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തിരികെ ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശം കിട്ടിയത്.

