KOYILANDY DIARY.COM

The Perfect News Portal

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ഓണസമൃദ്ധി’ പഴം, പച്ചക്കറി ചന്തകള്‍ വെള്ളിയാഴ്ച ആരംഭിക്കും

തിരുവനന്തപുരം > കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘ഓണസമൃദ്ധി’ പഴം, പച്ചക്കറി ചന്തകള്‍ വെള്ളിയാഴ്ച ആരംഭിക്കും.  സംസ്ഥാനതല ഉദ്ഘാടനം പകല്‍ മൂന്നിന് പാളയത്തെ ഹോര്‍ടികോര്‍പ് സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫാം ഫ്രെഷ് കേരള വെജിറ്റബിള്‍സിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനാവും.

ഓണക്കാലത്ത് വിഷമില്ലാത്തതും വില കുറഞ്ഞതുമായ പച്ചക്കറി ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പ്, ഹോര്‍ടികോര്‍പ്, വിഎഫ്പിസികെ, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ഓണവിപണി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെ 1350 വിപണികള്‍ പ്രത്യേകം തയ്യാറാക്കുന്നുണ്ട്. 980 ചന്തകള്‍ കൃഷിഭവനുകളും 180 ചന്തകള്‍ ഹോര്‍ടികോര്‍പും 190 ചന്തകള്‍ വിഎഫ്പിസികെയും  സംഘടിപ്പിക്കും. ഇതരസ്ഥാപനങ്ങളുടെ ചെറുകിട വിപണികള്‍ ഉള്‍പ്പെടെ 3000ഓളം ഓണക്കാല പച്ചക്കറിചന്തകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കും. ഒമ്പതു മുതല്‍ 13 വരെയാണ് ഓണവിപണികള്‍ പ്രവര്‍ത്തിക്കുക. ഏകദേശം 40,000 മെട്രിക് ടണ്‍ സുരക്ഷിത പച്ചക്കറിയും 60,000 മെട്രിക് ടണ്‍ പഴവര്‍ഗങ്ങളും ഓണവിപണിയിലൂടെ ലഭ്യമാക്കും.

ഓണവിപണിയില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍ക്ക് 30 ശതമാനം സബ്സിഡി നല്‍കും. സംസ്ഥാനത്ത് ആവശ്യാനുസരണം ഉല്‍പ്പാദിപ്പിക്കാനാത്ത പച്ചക്കറികള്‍  ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരും. സവാള, ഉരുളക്കിഴങ്ങ്, ബീന്‍സ്, മുരിങ്ങക്ക, ഉള്ളി തുടങ്ങിയവയാണ് ഇങ്ങനെ കൊണ്ടുവരിക.  ഇവ പ്രത്യേക ബാനറിനുകീഴിലാവും വില്‍പ്പനയ്ക്ക് വയ്ക്കുക. ഇവയില്‍ വിഷാംശം ഇല്ലെന്ന് ഉറപ്പുവുത്തിയ ശേഷമേ വില്‍പ്പനക്കെത്തിക്കൂ. ജില്ലാതലത്തില്‍ രൂപീകരിച്ച അഞ്ചംഗ സമിതിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമായാണ് സംഭരണം നടത്തുക.

Advertisements

ഓണത്തിനുശേഷവും ഹോര്‍ടികോര്‍പിന്റെ പച്ചക്കറി വിപണികള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കും. നാടന്‍ പച്ചക്കറിയും നാടന്‍ നെല്‍വിത്തിനങ്ങളും തിരിച്ചുകൊണ്ടുവരാനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്. എള്ള്, ചെറുപയര്‍, റാഗി തുടങ്ങിയ ചെറു ധാന്യങ്ങളുടെ കൃഷിയും വ്യാപിപ്പിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഗോഡൌണുകളും കോള്‍ഡ് സ്റ്റോറേജുകളും സ്ഥാപിക്കും. കേരളത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറിക്ക് തൊട്ടടുത്തദിവസം പണംനല്‍കുന്നതിന് റിവോള്‍വിങ് ഫണ്ട് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.

കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എസ് രാജേന്ദ്രന്‍, ഹോര്‍ടികോര്‍പ് എംഡി ഡോ.രഞ്ജന്‍ എസ് കരിപ്പായി, എം രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news