കൂവക്കൊല്ലിയില്‍ മലയോരപ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി

തൊട്ടില്‍പാലം: കാവിലുംപാറ പഞ്ചായത്തിലെ കാവുള്ള കൊല്ലി, അറക്കല പൊയില്‍, കമ്മായി, എടോനി, കൂവക്കൊല്ലി, അറക്കല പൊയില്‍, കരിങ്ങാട്, പൂവ്വാട്ട് കല്ല്, കട്ടകയം തുടങ്ങിയ മലയോരപ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. ആയിരക്കണക്കിന്ന് വാഴകളും തെങ്ങ്, റബ്ബര്‍ കവുങ്ങ്, ഗ്രാമ്പു തുടങ്ങിയ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ദിവസം കൂവകൊല്ലിയിലെ പനിച്ചിക്കണ്ടി മാതയുടെ നേരെ കാട്ട് കൊമ്പന്‍ പാഞ്ഞെടുത്തെങ്കിലും അല്‍ഭുതകരമാം വിധം രക്ഷപ്പെടുകയുമായിരുന്നു. വനാന്തരങ്ങളില്‍ ദാഹജലം ലഭിക്കാതിരിക്കുന്നതും വേനല്‍കാല ചുടുകാറ്റുമാണ് കാട്ടാനക്കൂട്ടം മലയോര ജനവാസ കേന്ദ്രങ്ങളിലിറങ്ങാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
മലയോര ഗ്രാമമായ തൊട്ടില്‍പാലത്ത് നിന്ന് ഏകദേശം ഇരുപതോളം കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണ് കൂവക്കൊല്ലിയും പരിസര പ്രദേശങ്ങളും. അടിയന്തരമായി കാട്ടാനശല്യം തടയാന്‍ നടപടിയെടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപെടുന്നു. വനം വകുപ്പ് എത്രയും പെട്ടെന്ന് ഇടപെടണമെന്ന് കര്‍ഷക സംഘം നേതാക്കളായ കെ.പി.കുഞ്ഞമ്മദ്കുട്ടി, പി.വിശ്വന്‍, എം.മെഹബൂബ്, ഇ.കെ നാരായണന്‍ കെ.പി.ചന്ദ്രി, ടി.കെ.മോഹന്‍ദാസ് എന്നിവര്‍ ആവശ്യപെട്ടു.
