കൂത്തുപറമ്പിന്റെ അനശ്വര രക്തസാക്ഷികള്‍ക്ക് നാടെങ്ങും സ്‌മരണാഞ്‌ജലി

കണ്ണൂര്‍: കൂത്തുപറമ്പിന്റെ അനശ്വര രക്തസാക്ഷികള്‍ക്ക് നാടെങ്ങും സ്‌മരണാഞ്‌ജലി. വിദ്യാഭ്യാസ കച്ചവടത്തിനും യുഡിഎഫ് സര്‍ക്കാരിന്റെ നിയമന അഴിമതിക്കുമെതിരായ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച അഞ്ച് രണധീരരുടെ സ്‌മരണയാണ് നാട് പുതുക്കിയത്. ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ അനുസ്‌മരണ റാലിയും പരിപാടികളും സംഘടിപ്പിച്ചു.
കെ കെ രാജീവന്‍, കെ വി റോഷന്‍, ബാബു, മധു, ഷിബുലാല്‍ എന്നിവര്‍ വെടിയേറ്റുവീണ കൂത്തുപറമ്പ് ത്രസിക്കുന്ന സ്‌മരണകളോടെയാണ് നാടിന്റെ ചെന്താരകങ്ങള്‍ക്ക് സ്‌മരണാഞ്‌ജലി അര്‍പ്പിച്ചത്. ആയിരങ്ങള്‍ അണിനിരന്ന യുവജന റാലി, വൈറ്റ് വളണ്ടിയര്‍ മാര്‍ച്ച‌്, ബഹുജന പ്രകടനം എന്നിവയോടെയാണ‌് 24ാം രക്തസാക്ഷിത്വ സ്‌മരണ പുതുക്കിയത്. കൂത്തുപറമ്പ് സ്‌റ്റേഡിയത്തില്‍ സജ്ജമാക്കിയ വേദിയില്‍ അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ ധനഞ്‌ജയന്‍ അധ്യക്ഷനായി.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ‌് എസ‌് സതീഷ‌്, സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രന്‍, വത്സന്‍ പനോളി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി കെ സനോജ്, സംസ്ഥാന കമ്മിറ്റിയംഗം കെ ലയ, ബാലസംഘം സംസ്ഥാന പ്രസിഡന്റ‌് ദീഷ‌്ണപ്രസാദ‌് എന്നിവര്‍ സംസാരിച്ചു. കെ അജേഷ് സ്വാഗതവും പി എം അഖില്‍ നന്ദിയും പറഞ്ഞു.

റോഷന്റെ മാതാപിതാക്കളായ കെ വി വാസു, നാരായണി എന്നിവരും പരിപാടികളില്‍ പങ്കെടുത്തു. മധു വെടിയേറ്റുവീണ സ്ഥലത്ത‌് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ ദീപശിഖ കൊളുത്തി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ ലയക്ക് കൈമാറി. ഷിബുലാല്‍ വെടിയേറ്റ സ്ഥലത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ലീല ഡിവൈഎഫ്‌ഐ പിണറായി ബ്ലോക്ക് സെക്രട്ടറി പി എം അഖിലിന് ദീപശിഖ കൈമാറി. കെ കെ രാജീവന് വെടിയേറ്റ സ്ഥലത്തുനിന്ന‌് ടി ബാലന്‍ ബ്ലോക്ക് ട്രഷറര്‍ എം പി അനില്‍കുമാറിന് ദീപശിഖ കൈമാറി. ബാബു വെടിയേറ്റുവീണ കേന്ദ്രത്തില്‍ വി രാജന്‍ വി മിഥുനിനും കെ വി റോഷന്‍ വെടിയേറ്റ സ്ഥലത്തുനിന്ന‌് റോഷന്റെ അച്ഛന്‍ കെ വി വാസു ടി വി നവീനും ദീപശിഖ കൈമാറി. ആവേശകരമായ അന്തരീക്ഷത്തില്‍ അത്‌ലറ്റുകള്‍ ഏറ്റുവാങ്ങിയ ദീപശിഖ തൊക്കിലങ്ങാടിയില്‍ എത്തിച്ചു.

തുടര്‍ന്ന‌് വൈറ്റ് വളണ്ടിയര്‍ മാര്‍ച്ചിന്റെയും യുവജനറാലിയുടെയും അകമ്പടിയോടെ കൂത്തുപറമ്പ് രക്തസാക്ഷി സ്‌തൂപത്തിലെത്തിച്ചു. കൂത്തുപറമ്പ് ബ്ലോക്കിന്റെ റാലി തൊക്കിലങ്ങാടിയില്‍നിന്നും പിണറായി ബ്ലോക്കിന്റേത് പുറക്കളത്തുനിന്നുമാണ് പുറപ്പെട്ടത്. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ 12 കേന്ദ്രങ്ങളില്‍ അയിത്തോച്ചാടന സദസുകള്‍ സംഘടിപ്പിച്ചു.
