കൂത്താളി കൃഷി ഫാമിൽ മൃഗങ്ങളെ വളർത്താനും, മത്സ്യ കൃഷിക്കും പദ്ധതി

പേരാമ്പ്ര : കൂത്താളി ജില്ലാ കൃഷി ഫാമിൽ വളർത്തു മൃഗങ്ങളെ വളർത്താനും, മത്സ്യ കൃഷിക്കും പദ്ധതി. പോത്ത്, കോഴി, താറാവ്, ആട് എന്നിവയെയാണ് വളർത്തുക. പോത്തു പരിപാലനത്തിന് 48.54 ലക്ഷവും കോഴിവളർത്തലിന് 16.76 ലക്ഷവും താറാവ് വളർത്താൻ 3.22 ലക്ഷവും ആട് വളർത്താൻ 10.40 ലക്ഷവും മത്സ്യക്കൃഷിക്ക് 6.56 ലക്ഷവും ഫണ്ട് അനുവദിച്ചിട്ടുണ്ട്.

നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് (ആർ.ഐ.ഡി.എഫ്.) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുക. 7.63 കോടിയുടെ പദ്ധതിയാണ് ആർ.ഐ.ഡി.എഫിൽ കൂത്താളി കൃഷിഫാമിന് അനുവദിച്ചിരിക്കുന്നത്. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. സംസ്ഥാനത്തെ 14 സർക്കാർ കൃഷി ഫാമുകളിലും വിവിധ പദ്ധതികൾ ആർ.ഐ.ഡി.എഫിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്. കൂത്താളിയിൽ 2015 മുതൽ ഡെയറിഫാമിൽ പശുവളർത്തുന്നുണ്ട്. ഇതിൽനിന്നുള്ള ചാണകം ഫാമിൽ വളമായി ഉപയോഗിക്കുകയും പാൽസൊസൈറ്റിയിൽ വിൽപ്പന നടത്തുകയും ചെയ്യുന്നു. 12 പശുക്കളാണ് ഇപ്പോൾ ഫാമിലുള്ളത്. പത്തു പശുക്കളെക്കൂടി വാങ്ങും.


