KOYILANDY DIARY.COM

The Perfect News Portal

കൂട്ടാറില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

നെടുങ്കണ്ടം: കൂട്ടാറില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കൂട്ടാര്‍ ചേലമൂട്ടില്‍ കൊല്ലപ്പെട്ട ബീനയുടെ ഭര്‍ത്താവ് മൈലാടിയില്‍ സുബിനെയാണ് (30) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ വീടിനു സമീപത്തെ പുരയിടത്തില്‍ കെട്ടി തൂങ്ങിയ നിലയിലാണ് സുബിന്റെ മൃതദേഹം പ്രദേശവാസികള്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാര്‍ച്ച് 31ന് വൈകിട്ട് 5.30നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അനിയനും ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവുമായ കുമരകംമെട്ട് മൈലാടിയില്‍ കണ്ണന്‍ എന്ന് വിളിയ്ക്കുന്ന സുജിന്‍ ബീനയെയും (27)  ഭാര്യാ മാതാവ് ഓമന മുരുകനെയും (52) കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യയുടെയും ഭാര്യാമാതാവിന്റെയും മരണത്തില്‍ സുബിന്‍ മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മരിച്ച സുബിനും ബീനയ്ക്കും എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ അശ്വിന്‍ എന്ന ഏക മകന്‍ മാത്രമാണുള്ളത്. ഓമനയുടെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവ് ആണ് ഇരട്ട കൊല നടത്തിയ സുജിന്‍.

Advertisements

സുജിനും ഭാര്യയും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇയാളുമായി പിണങ്ങി ചേലമൂട്ടിലെ തറവാട്ടില്‍ കഴിയുകയായിരുന്ന ഭാര്യ വിനീതയെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഇവരുടെ വീട്ടിലെത്തിയത്.

മദ്യപിച്ചെത്തിയ ഇയാള്‍ ഓമനയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇവരെ കുത്തുകയുമായിരുന്നു. ഇത് കണ്ട് ഓടിവന്ന ബീനയെയും കുത്തിയശേഷമാണ് ഇയാള്‍ ഇവിടെ നിന്ന് പോയത്. ഇരുവരും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. ചേട്ടനും അനിയനും സഹോദരിമാരെ വിവാഹം കഴിക്കുകയായിരുന്നു.

മദ്യ ലഹരിയിലാണ് സുജിന്‍ ഈ കൊലപാതകങ്ങള്‍ നടത്തിയത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കമ്പംമെട്ട് എസ്.ഐ ഷനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം നടത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *