കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ബെംഗളുരു: ബെളഗാവി ജില്ലയില്‍ ജുന്‍ജരവാഡിയില്‍ ശനിയാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കുഴല്‍ക്കിണറിനു സമീപം മറ്റൊരു കുഴിയെടുത്ത് പെണ്‍കുട്ടിയെ രക്ഷിക്കാനാണ് ശ്രമം.

എന്നാല്‍ ഉറച്ച പാറകളും മണ്ണും രക്ഷാപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുകയാണ്. 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന്റെ 30 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ പൈപ്പ് വഴി ഓക്‌സിജന്‍ നല്‍കി വരുകയാണ്.

ജുന്‍ജരവാഡിയില്‍ അജിത് സവിത ദമ്പതികളുടെ മകള്‍ കാവേരിയാണ് കുഴല്‍ക്കിണറില്‍ വീണത്. കുഴല്‍ക്കിണറില്‍ വെള്ളം ഇല്ലാതെ ആയതോടെ പുതിയ കുഴല്‍ക്കിണര്‍ കുഴിക്കുകയും പഴയ കിണര്‍ മൂടാതെ കിടന്നതുമാണ് അപകടത്തിന് കാരണമായത്. സ്ഥലത്തിനുടമയായ ശങ്കരപ്പ ഒളിവിലാണ്. ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

