കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ്ഗതാഗതം സ്തംഭിച്ചു

കുറ്റ്യാടി: താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്തോടെ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്ന് പോകുന്ന കുറ്റ്യാടി ചുരത്തില്‍ ചുങ്കകുറ്റിക്ക് സമീപം ഇന്നലെ രാവിലെ മണ്ണിടിഞ്ഞുവീണു. ഗതാഗത കുരുക്ക് ഉണ്ടായതോടെ സ്ഥലത്തെത്തിയ കുറ്റിയാടി സി.ഐ ചുരം ഡിവിഷന് അധികൃതരെ വിളിച്ചു. ചുരത്തിന്റെ ജോലികള്‍ കെ.എസ്.ടി.പി ക്ക് കൈമാറി എന്നായിരുന്നു മറുപടി. തുടര്‍ന്ന് കെ.എസ്.ടി.പി അധികൃതരെ വിളിച്ചെങ്കിലും ഉടന്‍ ഒരു പരിഹാരത്തിന് അവരും തയ്യാറായില്ല.
തുടര്‍ന്ന് പൊലീസ് തന്നെ ജെ.സി.ബി വിളിച്ച് റോഡിലെ കല്ലും മണ്ണും മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
മണ്ണിടിച്ചില്‍ ഉണ്ടായ വനത്തോട് ചേര്‍ന്ന ഭാഗം മണ്ണിടിയാനും മരങ്ങള്‍ റോഡിലേക്ക് വീഴാനും പാകത്തില്‍ അപകടാവസ്ഥയിലാണ് ഇപ്പോഴും ഉള്ളത്. ചുരത്തില്‍ ദിശാ സൂചികകള്‍ ഇല്ല. കഴിഞ്ഞ ദിവസം ലോറി അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചിട്ട് പോലും പൊതുമരാമത്ത് ചുരം ഡിവിഷന് തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

