KOYILANDY DIARY

The Perfect News Portal

കുരങ്ങുപനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം: വയനാട് ജില്ലയില്‍ കുരങ്ങുപനി ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. വനത്തിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍, കാലിമേയ്ക്കല്‍, വിറക് ശേഖരിക്കല്‍ തുടങ്ങിയവയ്ക്ക് പോകുന്നവര്‍, വനത്തില്‍ വിനോദ സഞ്ചാരം നടത്തുന്നവര്‍, കുരങ്ങുപനി ബാധയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചവര്‍ എന്നിവര്‍ക്ക് രോഗബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

അതിനാല്‍ വനത്തിലുള്ളില്‍ പോകുന്നവര്‍ കട്ടിയുള്ള, ദേഹം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍, കൈയുറകള്‍, കാലുറകള്‍, വലിയ ബൂട്ടുകള്‍ എന്നിവ ധരിക്കണം. കൂടാതെ ചെള്ളു കടിയില്‍നിന്നും രക്ഷ നേടുന്നതിനുള്ള ലേപനങ്ങള്‍ പുരട്ടാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കുരങ്ങുപനിയുടെ വൈറസ് സാധാരണ ചെറിയ സസ്തനികള്‍, കുരങ്ങുകള്‍, ചിലയിനം പക്ഷികള്‍ തുടങ്ങിയവയിലാണ് കാണപ്പെടുന്നത്.

ഹീമാഫൈസാലിസ് വര്‍ഗത്തില്‍പ്പെട്ട ചെള്ളുകളാണ് രോഗാണുവിനെ മനുഷ്യരില്‍ എത്തിക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ വഴി മനുഷ്യവാസ കേന്ദ്രത്തിലേക്ക് ഈ ചെള്ള് വ്യാപിക്കാനും ഇടയുണ്ട്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച്‌ രണ്ട്, മൂന്നു ദിവസത്തിനു ശേഷം ശക്തിയായ പനി, തലവേദന, ശരീര വേദന, വയറു വേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണം.

Advertisements

ചിലരില്‍ രക്തസ്രാവ ലക്ഷണങ്ങളും തലച്ചോറിനെ ബാധിക്കുന്നതു മൂലം ബോധക്ഷയം, അപസ്മാര ലക്ഷണങ്ങള്‍ എന്നിവയുമുണ്ടാകാം. എവിടെയെങ്കിലും കുരങ്ങുകള്‍ ചത്തു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെയോ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണം. മുന്‍കരുതല്‍ ഇല്ലാതെ ഈ പ്രദേശങ്ങളില്‍ പോകാന്‍ പാടില്ല.

ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവര്‍ ഉടന്‍ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന സെക്ടറല്‍ യോഗത്തില്‍ എ.ഡി.എം പി.സെയ്യിദ് അലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, നിലമ്ബൂര്‍ (സൗത്ത്) ഡി.എഫ്.ഒ വി. സജികുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ അയ്യൂബ്, ഡെപ്യൂട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മാഈല്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *