കുപ്രസിദ്ധ മോഷ്ടാവ് പുന്നപ്ര മനാഫ് ചങ്ങനാശ്ശേരിയില്‍ അറസ്റ്റില്‍

ചങ്ങനാശ്ശേരി: കുപ്രസിദ്ധ മോഷ്ടാവ് പുന്നപ്ര മനാഫിനെ ചങ്ങനാശ്ശേരി ആന്റി ഗുണ്ടാ സ്‌ക്വാഡ് അറസ്റ്റുചെയ്തു. ആലപ്പുഴ അമ്പലപ്പുഴ പുന്നപ്ര വില്ലേജില്‍, ചുന്ദാണിശ്ശേരില്‍ വീട്ടില്‍, അബ്ദുള്‍ മനാഫ്( 38) ആണ് അറസ്റ്റിലായത്.
ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മംഗലാപുരം പോയി തിരിച്ചു വരുന്ന വഴി ഷൊര്‍ണൂരില്‍ നിന്നും ഒരു യാത്രക്കാരന്റെ വിലപിടിപ്പുള്ള ഫോണ്‍ മോഷ്ടിച്ച് തൃശ്ശൂര്‍ മണ്ണുത്തിയില്‍ ഒരു സ്ത്രിയെ വിളിച്ചു അസഭ്യം പറഞ്ഞ കേസില്‍ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇയാള്‍ക്കെതിരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മോഷണം, പിടിച്ചുപറി തുടങ്ങിയവയ്ക്ക് കേസുകള്‍ നിലവിലുണ്ട്.

ആലപ്പുഴ ജില്ലയിലെ കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, പുന്നപ്ര , ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, കൂടാതെ കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം പോലിസ്‌റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. തോട്ടപ്പള്ളി മത്തേരി ആശുപത്രിയില്‍ കയറി രോഗിയുടെ മാല മോഷണം, കൂടാതെ അമ്ബലപ്പുഴയിലെ കുപ്രസിദ്ധ മോഷ്ടാവ് കരി ഓയില്‍ രഞ്ജനുമായി ചേര്‍ന്ന് നിരവധി മോഷണങ്ങള്‍ അമ്പലപ്പുഴയിലും പരിസര പ്രദേശത്തും നടത്തിയിരുന്നു.

കായംകുളത്ത് ലോറിയില്‍ നിന്നും മൊബൈല്‍ ഫോണും പണവും അപഹരിച്ചു, പണം അടങ്ങിയ പേഴ്‌സ് തട്ടിയെടുത്തു, വാഹനമോഷണം, ആലപ്പുഴയില്‍ ലോറിയില്‍ നിന്നും വില പിടിപ്പുള്ള ഫോണ്‍ മോഷ്ടിച്ചതും ഉള്‍പ്പടെ പുന്നപ്ര പോലിസ്‌റ്റേഷനില്‍ പത്തിലേറെ കേസുകള്‍ ഉണ്ട്.

ആടുകളെ മോഷ്ടിക്കുക, സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ മോഷണം തുടങ്ങി അമ്പലപ്പുഴയിലും ആലപ്പുഴയിലും നടത്തിയ മോഷണ കേസില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ശിക്ഷ കഴിഞ്ഞ് രണ്ട് മാസം മുമ്ബാണ് പുറത്തിറങ്ങിയത്.
ഇയാള്‍ ചങ്ങനാശ്ശേരിയില്‍ വലിയ മോഷണത്തിന് പദ്ധതി തയ്യാറാക്കുന്ന വിവരം ജില്ലാ പോലീസ് മേധാവി ശ്രീഹരിശങ്കര്‍ ഐ പി എസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആന്റി ഗുണ്ടാ സ്‌ക്വാഡ് മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ ചങ്ങനാശ്ശേരിയിലെ കടകളിലാണ് വില്‍പന നടത്തിയിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഇവരെ കുറിച്ച് കുടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരുകയാണ്.
ചങ്ങനാശ്ശേരി ഡിവൈഎസ്പി സുരേഷ് കുമാര്‍, സി.ഐ വിനോദ്, എസ് ഐ അഭിലാഷ്, ആന്റി ഗുണ്ടാസ്‌ക്വാഡ് അംഗങ്ങളായ കെ.കെ റെജി, പ്രതിപ് ലാല്‍, അന്‍സാരി, മണികണ്ഠന്‍ അരുണ്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
