കുനിയില്‍ക്കടവ് പാലത്തില്‍ വഴി വിളക്കുകള്‍ ഇല്ല
ചേമഞ്ചേരി: അത്തോളിയേയും ദേശീയ പാതയിലെ തിരുവങ്ങൂര്‍ ടൗണിനെയും ബന്ധിപ്പിക്കുന്ന കുനിയില്‍കടവ് പാലത്തില്‍ വഴി വിളക്കുകള്‍ പ്രകാശിക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ജില്ലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയപാലമാണിത്. പാലത്തിന് 17 സ്പാനുകളും 425 മീറ്റര്‍ നീളവുമുണ്ട്. 2003 സപ്തംബര്‍ 28-ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രികൂടിയായ ഇപ്പോഴത്തെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീറാണ് തന്റെ പിതാവും മുന്‍ ഉപ മുഖ്യമന്തിയുമായ സി.എച്ച്.മുഹമ്മദ് കോയയുടെ നാമത്തിലുളള പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ്12 വര്‍ഷമായിട്ടും പാലത്തില്‍ വഴി വിളക്കുകള്‍ സ്ഥാപിക്കുവാന്‍ അധികൃതര്‍ക്കായിട്ടില്ല. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഒരു തെരുവു വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കപ്പോഴും അതു കത്താറില്ല. പാലത്തിലുടനീളം വഴി വിളക്കുകള്‍ സ്ഥാപിക്കണമെങ്കില്‍ അത്തോളി, ചേമഞ്ചേരി പഞ്ചായത്തുകള്‍ മനസ്സുവെക്കണം. വഴി വിളക്കുകള്‍ പ്രകാശിക്കാത്തതു കാരണം രാത്രി വിജന്നമായ പാലത്തിലൂടെ സഞ്ചിരിക്കുവാന്‍ യാത്രക്കാര്‍ക്ക് പേടിയാണ്.
