KOYILANDY DIARY.COM

The Perfect News Portal

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ മാനസികരോഗി പതിനൊന്നു വര്‍ഷത്തിനു ശേഷം പിടിയിലായി

കോഴിക്കോട്‌: ചികിത്സയ്ക്കിടയില്‍ കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ മാനസികരോഗി പതിനൊന്നു വര്‍ഷത്തിനു ശേഷം നാദാപുരത്ത് പിടിയിലായി. ബാലുശ്ശേരി കോക്കല്ലൂരിലെ വി.പി.ഹൗസില്‍ മുഹമ്മദ് അബ്ദുള്‍ നാസര്‍ (47) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ പേരോട്ടെ ചാത്തോത്ത് അഷറഫിന്റെ വീട്ടില്‍ എത്തിയ ഇയാള്‍ ബഹളമുണ്ടാക്കി. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ നാദാപുരം പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനില്‍ എത്തിച്ചെങ്കിലും അവിടെയും അസഭ്യം പറഞ്ഞ് അക്രമത്തിന് മുതിര്‍ന്നു.

പൊലീസുകാര്‍ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ലോക്കപ്പില്‍ ഇട്ടെങ്കിലും അതിനുള്ളിലും ഇയാള്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി. കുടിവെള്ള പൈപ്പുകളും ബക്കറ്റും അടിച്ചു തകര്‍ത്തു. പൊലീസുകാര്‍ ഭക്ഷണം നല്‍കിയെങ്കിലും കഴിച്ചില്ല. ഇന്നലെ രാവിലെ പുതിയ വസ്ത്രം ധരിപ്പിച്ച്‌ ആംബുലന്‍സില്‍ കോഴിക്കോട് എത്തിച്ച്‌ സി.ജെ.എം. കോടതിയില്‍ ഹാജരാക്കി.

കോടതി ഉത്തരവനുസരിച്ച്‌ ഇയാളെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് ഇയാള്‍ പതിനൊന്നു വര്‍ഷം മുമ്ബ് ചാടിപ്പോയ ആളാണെന്ന് മനസിലായത്. അന്ന് ഇയാള്‍ക്ക് 36 വയസായിരുന്നു. 2007 നവംബര്‍ ഇരുപത്തിമൂന്നിന് ആശുപത്രി അധികൃതര്‍ ഇയാളെ കാണാനില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനുശേഷം വിവിധ ഇടങ്ങളില്‍ അലഞ്ഞു തിരിയുന്നതിനിടയിലാണ് നാദാപുരത്ത് എത്തിയതെന്ന് കരുതുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *