KOYILANDY DIARY.COM

The Perfect News Portal

കുടുംബസ്വത്ത് ദുരിതാശ്വാസ നിധിയിലേക്കു നല്‍കി അനില്‍കുമാര്‍ മാതൃകയായി

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുഃഖിക്കുന്നവര്‍ക്ക് സാന്ത്വനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാന്നാര്‍ സ്വദേശിയുടെ 32 സെന്റ് സ്ഥലം. കുടുംബസ്വത്ത് സന്‍മനസോടെ നല്‍കി മാന്നാര്‍ കുട്ടംപേരുര്‍ സ്വദേശിയാണ് വ്യത്യസ്തനായത്. ഒല്ലാലില്‍ വീട്ടില്‍ പരേതനായ റിട്ട. ആര്‍മ്മി ഉദ്യോഗസ്ഥന്‍ ചന്ദ്രശേഖരന്‍ നായരുടേയും ആനന്ദവല്ലിയമ്മയുടേയും ഇളയ മകന്‍ സി.അനില്‍കുമാറാണ് തനിക്ക് കുടുംബത്തില്‍ നിന്നും ഓഹരിയായി കിട്ടിയ 32 സെന്റ് വസ്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

സെന്റിന് ഒരു ലക്ഷം രൂപ വിലവരുന്ന ഭൂമിയാണിത്.ചെങ്ങന്നുര്‍ ഐഎച്ച്‌ആര്‍ഡി എഞ്ചിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന മണ്ഡലതല ദുരിതാശ്വാസ നിധിശേഖരണ ചടങ്ങിലാണ് അനില്‍കുമാര്‍ ഭൂമിയുടെ ആധാരം ഉള്‍പ്പെടെയുള്ള പേപ്പറുകള്‍ സംസ്ഥാന പൊതുമരാമത്തുമന്ത്രി ജി.സുധാകരന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തില്‍ കൈമാറിയത്.

നേരത്തെമുതല്‍ അനില്‍കുമാറിന്റെ മനസിലുളള വലിയ ആഗ്രഹമായിരുന്നു കുടുംബത്തില്‍ നിന്നും കിട്ടിയ ഭൂമി ഇത്തരത്തില്‍ പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കണമെന്നത്. ഇക്കാര്യം തന്റെ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. അങ്ങനെ ഇരിക്കയാണ് ജലൈയില്‍ തുടങ്ങി ആഗസ്റ്റില്‍ ചെങ്ങന്നൂര്‍ അടക്കമുളള പ്രദേശത്തെ ആകെ ഗ്രഹിച്ച പ്രളയമുണ്ടായത്.

Advertisements

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണയജ്ഞവുമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ രംഗത്ത് വന്നതോടെ മറ്റൊന്നും ആലോചിക്കാതെ ദുരിതാശ്വാസ നിധിയിലേക്ക് ഭൂമി നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്ദേശ്യശുദ്ധിയോടെ തുടങ്ങിയ ഈ മഹത്തായ സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ വലിയ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ത്രൃപൂണിത്തുറ ഉദയംപേരൂരില്‍ താമസമാക്കിയ അനില്‍കുമാര്‍ എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. ഭാര്യ രശ്മി. 11-ാം ക്ലാസ് വിദ്യാര്‍ഥി സൂര്യ നാരായണന്‍ ഏകമകനാണ് .

Share news

Leave a Reply

Your email address will not be published. Required fields are marked *