കുടുംബശ്രീ ഹോംഷോപ്പ് ഐ.ഡി.കാർഡ് വിതരണം

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയിൽ ഹോംഷോപ്പ് ഓണറായി ജോലി ചെയ്യുന്നവർക്കുള്ള ഐഡി കാർഡ്, സർട്ടിഫിക്കറ്റ്, യൂണിഫോം, എന്നിവയുടെ വിതരണോൽഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ വി.ടി ഉഷ നിർവഹിച്ചു.
പ്രാദേശികമായി നിർമ്മിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണി സൃഷ്ടിക്കുന്നതിനു വേണ്ടി കുടുംബശ്രീ സംസ്ഥാനമിഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സവിശേഷമായ പദ്ധതിയാണ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി. കോഴിക്കോട് ജില്ലയിൽ നിലവിൽ നാൽപ്പതില്പരം ഉൽപ്പാദന യൂണിറ്റുകളിലും വിപണന രംഗത്തുമായി ആയിരത്തിഅഞ്ഞൂറോളം കുടുംബശ്രീ വനിതകൾക്ക് ഈ പദ്ധതിയിലൂടെ സ്ഥിരവരുമാനം ഉറപ്പുവരുത്തുന്നുണ്ട്.
മൂന്നുമാസം മുമ്പ് പ്രഖ്യാപിച്ച സമ്മാനവർഷം പദ്ധതിയിൽ വിജയികളായ നൂറോളംപേർക്ക് സമ്മാനമായി ലഭിച്ച ഗൃഹോപകരണങ്ങളുടെ വിതരണവും നടന്നു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരായ ജിഷ.സിഎം (അരിക്കുളം), ശൈലജ ചേമഞ്ചേരി, ശ്രീലത മൂടാടി, പുഷ്പ തിക്കോടി, ചന്ദ്രിക പയ്യോളി എന്നിവർ സമ്മാന വിതരണങ്ങൾ നടത്തി. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അൻജിത് ചേമഞ്ചേരി, അഭിജിത് പയ്യോളി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ അഭിത .കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഹോംഷോപ്പ് പദ്ധതി ജില്ലാ കോർഡിനേറ്റർ പ്രസാദ് കൈതക്കൽ, ഹോം ഷോപ്പ് പ്രസിഡണ്ട് ഷീബ.സി അധ്യക്ഷയായിരുന്നു. മേലടി ബ്ലോക്ക് കോർഡിനേറ്റർ പി. നിഷ സംസാരിച്ചു.
