കുടുംബശ്രീ ഓണ കിറ്റിൽ അപാകത യൂത്ത് കോൺഗ്രസ്സ് നഗരസഭ സൂപ്രണ്ടിനെ ഉപരോധിച്ചു

കൊയിലാണ്ടി: നഗരസഭയിൽ കുടുംബശ്രീ – സി.ഡി.എസ്. നേതൃത്വത്തിൽ വിതരണം ചെയ്ത ഓണ ക്വിറ്റിൽ വ്യാപകമായ അപാകത കണ്ടതോടെ യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ കൗൺസിലർമാർ നഗരസഭാ സൂപ്രണ്ടിനെയും സി.ഡി.എസ്.സിക്രട്ടറിയേയും ഉപരോധിച്ചു.
തുടർന്ന് സമരക്കാർ നഗരസഭാ ചെയർമാനുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരത്തിനാധാരമായ കാര്യങ്ങൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചതിനെതുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. കുടുംബശ്രീ നൽകിയ 500 രൂപയുടെ ഓണ കിറ്റിൽ 12 ഇനം സാധനങ്ങളാണ് വിതരണം ചെയ്തത്. എന്നാൽ പൊതു വിപണിയേക്കാൾ അധികവിലയാണ് ഇതെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ്സ് സമരവുമായി മുന്നോട്ട് വന്നത്.

യൂത്ത്കോൺഗ്രസ്സ് നേതാക്കളായ രജീഷ് വെങ്ങളത്ത് കണ്ടി, എം. കെ. സായിഷ്, തൻഹീർ കൊല്ലം, കൗൺസിലർമാരായ ശ്രീജാ റാണി, ഒ. കെ. ബാലൻ, രമ്യ മനോജ്, ലാലിഷ പുതുക്കുടി, കെ. ടി. സുമ, അനീഷ് ടി.പി, സിബിൻ കണ്ടത്തനാരി, റാഷിദ് മുത്താമ്പി എന്നിവർ നേതൃത്വം നൽകി.

എന്നാൽ സഹകരണ സ്റ്റോർ വഴി നൽകിയ ഭക്ഷ്യ വസ്തുക്കളുടെ കിറ്റിന് പൊതു വിപണിയിൽ 598 രൂപയും സഹകരണ സ്റ്റോറിൽ 545 രൂപയും ഈടാക്കുന്ന സ്ഥാനത്ത് 20 രൂപയുടെ ബേഗ് ഉൾപ്പെടെ 500 രൂപ മാത്രമാണ് വാങ്ങുന്നതെന്ന് നഗരസഭാധികാരികൾ പറഞ്ഞു. ഉപഭോക്ത്താക്കൾക്ക് ഇതിൽ നിന്ന് 75 രൂപയോളം സബ്സിഡിയായി ലഭിച്ചുവെന്നും അധികൃതർ പറഞ്ഞു.

