കുഞ്ഞിനെ ജൂവലറിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവതിയെയും കാമുകനെയും അറസ്റ്റുചെയ്തു

കൊടുവള്ളി: മൂന്നുവയസ്സുള്ള കുഞ്ഞിനെ ജൂവലറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഭര്‍ത്തൃമതിയായ യുവതിയെയും കാമുകനെയും കൊടുവള്ളി പോലീസ് അറസ്റ്റുചെയ്തു. കിഴക്കോത്ത് എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24), താമരശ്ശേരി മൂന്നാംതോട് പനയുള്ള കുന്നുമ്മല്‍ ലിജിന്‍ ദാസ് (28) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി പതിനൊന്നോടെ കോഴിക്കോട് മാനാഞ്ചിറയ്ക്കു സമീപത്തു വെച്ചാണ് എസ്.ഐ. കെ. പ്രജീഷും സംഘവും ഇവരെ പിടികൂടിയത്. ഇവരെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. കുഞ്ഞിനെ ജൂവലറിയില്‍ ഉപേക്ഷിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ജനുവരി ഒന്‍പതിനാണ് കാമുകനോടൊപ്പം മൂന്നു വയസ്സുള്ള മകനുമായി യുവതി വീടുവിട്ടിറങ്ങിയത്. 13-ന് പാലക്കാട്ടുള്ള ഒരു ജൂവലറിയില്‍ മകനെ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം കടന്നുകളയുകയായിരുന്നു.

ജനുവരി പത്തിനാണ് യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. മകനെ പാലക്കാട്ടെ ഒരു ജൂവലറിയില്‍ ഉപേക്ഷിച്ചതായി യുവതി തന്നെയാണ് ബന്ധുക്കളെ ഫോണ്‍ ചെയ്ത് അറിയിച്ചത്. ഈ വിവരം ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും, തുടര്‍ന്ന് പാലക്കാട് സൗത്ത് പോലീസ് കുട്ടിയെ കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറുകയുമായിരുന്നു. യുവതിയും കാമുകനും കുട്ടിയെ ജൂവലറിയില്‍ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സി.സി.ടി.വി.യില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു.

