KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെ ‘സഹജീവനം’ ഉദ്‌ഘാടനത്തിനൊരുങ്ങുന്നു

കീഴരിയൂർ: സാന്ത്വന-ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന നമ്മുടെ കീഴരിയൂർ സൗഹൃദക്കൂട്ടായ്മ നിർമിച്ച ‘സഹജീവനം’ കെട്ടിടം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. കാരുണ്യ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് എളമ്പിലാട്ട് താഴെ സ്ഥലം വാങ്ങി കെട്ടിടം പണിതത്. ഒട്ടെറെപേർ കൂലിപോലും വാങ്ങാതെ കഠിനാധ്വാനം നടത്തിയാണ് കെട്ടിടം പണിഞ്ഞത്. കിണറും കുഴിച്ചു. കെട്ടിടം അവസാനവട്ട മിനുക്കു പണിയിലാണ്. പെയിന്റിങ് വയറിങ് ഉൾപ്പടെയുള്ള പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. സ്ഥലം വാങ്ങാനും കെട്ടിടം നിർമിക്കാനുമായി 25 ലക്ഷത്തോളംരൂപ ചെലവായി.

23 സജീവ പ്രവർത്തകരും മുന്നൂറിലേറെ അംഗങ്ങളുമുള്ള ഈ കൂട്ടായ്മയിലൂടെ ദുരിതമനുഭവിക്കുന്ന ഒട്ടെറെ പേരാണ് സ്നേഹ സാന്ത്വനമറിഞ്ഞത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഈ കൂട്ടായ്മയ്ക്ക് പിൻബലമായി പ്രവർത്തിക്കുന്നുണ്ട്. നാടിനൊരു മൊബൈൽഫ്രീസർ സംഭാവന ചെയ്തായിരുന്നു കൂട്ടായ്മയുടെ പ്രവർത്തനം തുടങ്ങിയത്. 50 ലക്ഷത്തിൽപരം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം നടത്തിയതായി കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ആയോളിക്കണ്ടി ശശി, മാലത്ത് സുരേഷ്, പോക്കർ തോട്ടത്തിൽ, ടി.കെ. മനോജ്, പി. വിനോദ് എന്നിവർ പറഞ്ഞു.

അംഗപരിമിതർക്ക് വീൽചെയർ, ഒട്ടേറെ പേർക്ക് ചികിത്സാസഹായം എന്നിവ നൽകി. മലബാർ കാൻസർ സെന്ററിൻ്റെ നേതൃത്വത്തിൽ എട്ടുലക്ഷത്തോളം ചെലവിൽ മെഡിക്കൽ ക്യാമ്പ്, വയനാട് അഡോറയുമായി ചേർന്ന് പാവങ്ങൾക്കൊരുടയാട പദ്ധതി എന്നിവ എടുത്തു പറയാവുന്ന പ്രവർത്തനങ്ങളാണ്. കാരുണ്യപ്രവർത്തനവുമായി ബന്ധപ്പെട്ട് ചെയ്യുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും വരവ് ചെലവ് കണക്കുകളും അതത് സമയം സോഷ്യൽമീഡിയ വഴി ജനങ്ങളിലെത്തിക്കും.

Advertisements

ഇരുന്നൂറോളം പേർക്ക് അയ്യായിരം രൂപാവീതവും, അഞ്ച് രോഗികൾക്ക് മൂന്നുലക്ഷംരൂപ ചികിത്സാസഹായം നൽകിയിട്ടുണ്ട്. വിവിധ കുടുംബങ്ങൾക്ക് വീടുപണി പൂർത്തിയാക്കാൻ നാലു ലക്ഷത്തോളം രൂപയാണ് കൈമാറിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ‘സഹജീവനം’ നാടിന് സമർപ്പിക്കുമെന്ന് കൂട്ടായ്മയിലെ ഭാരവാഹികൾ അറിയിച്ചു. ഗുജറാത്തിലെ കച്ചിൽ ടയർ സംബന്ധമായ ജോലിചെയ്യുന്ന കീഴരിയൂർ ആയോളിക്കണ്ടി ശശിയാണ് ഈ സൗഹൃദക്കൂട്ടായ്മയുടെ മുഖ്യ തേരാളി. തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് ഈ കൂട്ടായ്മയുടെത്.

Share news

Leave a Reply

Your email address will not be published. Required fields are marked *