കീഴരിയൂര്‍ ബോംബ് കേസ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
മേപ്പയ്യൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ വികലമാക്കാനും, മാറ്റി എഴുതാനും ശ്രമിക്കുന്ന ഭരണകൂടത്തിൻ്റെ ഫാഷിസ്റ്റ് നയത്തെ കോണ്‍ഗ്രസ് എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ നേതാക്കളേയും മലബാര്‍ കലാപമുള്‍പ്പെടെയുള്ള സമരങ്ങളില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച രക്തസാക്ഷികളെയും ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഗൂഢതന്ത്രത്തെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന കീഴരിയൂര്‍ ബോംബ് കേസ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി നിയുക്ത പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, കെ.പി.സി.സി ഭാരവാഹികളായ അഡ്വ: പി. എം. നിയാസ്, സത്യന്‍ കടിയങ്ങാട്, രാജേഷ് കീഴരിയൂര്‍, ഇ. അശോകന്‍, കെ. പി. വേണുഗോപാല്‍, ചുക്കോത്ത് ബാലന്‍ നായര്‍, എം. എം. രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

