കാളകളെ കൊണ്ടുപോയ യുവാവിനെയും സുഹൃത്തുക്കളെയും ബിജെപി– ആര്‍എസ്എസ് സംഘം കൊല്ലാന്‍ ശ്രമിച്ചു
കാസര്‍കോട് > ടെമ്പോവാനില്‍ കാളകളെ കൊണ്ടുപോയ യുവാവിനെയും സുഹൃത്തുക്കളെയും ബിജെപി– ആര്‍എസ്എസ് സംഘം കൊല്ലാന്‍ ശ്രമിച്ചു. കാസര്‍കോട് ഷിരിബാഗിലു ആസാദ് നഗറില്‍ ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ഉളിയത്തടുക്കയില്‍നിന്ന് ആരിക്കാടിയിലേക്ക് പോവുകയായിരുന്ന മഞ്ചത്തടുക്കയിലെ അബ്ദുള്ളയുടെ മകന്‍ അഷറഫ് (30), ഡ്രൈവര്‍ മുഹമ്മദ്കുഞ്ഞി, ഹമീദ് ചട്ടഞ്ചാല്‍ (50) എന്നിവരെയാണ് മുപ്പതോളം വരുന്ന ബിജെപി–ആര്‍എസ്എസ് സംഘം ആക്രമിച്ചത്.
15–ാളം ബൈക്കുകളില്‍ എത്തിയ അക്രമിസംഘം ടെമ്പോവാന്‍ തടഞ്ഞ് മൂവരെയും വലിച്ചിറക്കി മര്‍ദിച്ചു. കാളയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കൂട്ടത്തിലൊരാള്‍ കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചു. ഈ സമയം അതുവഴിവന്ന പൊലീസ് ജീപ്പ് കണ്ട് അക്രമി പിന്മാറുകയായിരുന്നു. മുസ്ളിം പള്ളിക്ക് കല്ലെറിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പട്രോളിങ് നടത്തുകയായിരുന്നു പൊലീസ്. പൊലീസ് എത്തിയില്ലെങ്കില്‍ അക്രമികള്‍ തന്നെ കൊല്ലുമായിരുന്നു എന്ന് അഷറഫ് പറഞ്ഞു.

കൂടുതല്‍ പൊലീസെത്തി അക്രമികളെ വിരട്ടിയോടിച്ചു. സംഭവത്തില്‍ ബിജെപി– ആര്‍എസ്എസ് പ്രവര്‍ത്തകനായ ആസാദ് നഗറിലെ ഉദയകുമാറിനെ അറസ്റ്റുചെയ്തു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അഞ്ചുപേര്‍ക്കെതിരെ കാസര്‍കോട് ടൌണ്‍ പൊലീസ് കേസെടുത്തു.

സംഭവം വിവാദമാകുമെന്ന് കണ്ടപ്പോള്‍ ബിജെപി–ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ സ്റ്റേഷനിലെത്തി പ്രതിയെ മോചിപ്പിക്കാനും കേസ് ഒതുക്കാനും സമ്മര്‍ദം ചെലുത്തി. ആദ്യം കേസെടുക്കാതെ വിട്ടയക്കാന്‍ ശ്രമിച്ച പൊലീസ്, സംഭവമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തിയതോടെ കേസെടുക്കുകയായിരുന്നു. വാക്കുതര്‍ക്കത്തിന്റെപേരില്‍ മര്‍ദിച്ചെന്ന രീതിയില്‍ കേസെടുത്ത് സംഭവം നിസാരവല്‍ക്കരിക്കാനും ശ്രമമുണ്ടായി. പരിക്കേറ്റ അഷറഫിനെ ചെങ്കള നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

