കാര്‍ അപകടത്തില്‍പെട്ട് അമ്മയും കുഞ്ഞും മരിച്ചു

തൃശൂര്‍: ആറു മാസം പ്രായമുള്ള മകന്റെ ചോറൂണിനായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി രതീഷ് ഭവനില്‍ രതീഷിന്റെ ഭാര്യ ശബാന (26), മകന് ആറു മാസം പ്രായമുള്ള നിഹാല്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രതീഷിനെയും കാറിലുണ്ടായിരുന്ന ബന്ധുക്കളായ നിധിന്, ശോഭി, വാന്‍ ഡ്രൈവര്‍ കൊടകര സ്വദേശി പ്രജോദ് എന്നിവരെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കൊടുങ്ങല്ലൂരിന് സമീപം ദേശീയപാത 17ല്‍ പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിസിന് മുന്നിലെ വളവിലാണ് അപകടം നടന്നത്. കുഞ്ഞിന്റെ ചോറൂണിനായി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന രതീഷും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മതിലകം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

