KOYILANDY DIARY.COM

The Perfect News Portal

കായകുളം മജിസ്ട്രേട്ട് കോടതിയില്‍ കള്ളന്‍ കയറി

കായംകുളം: കായകുളം മജിസ്ട്രേട്ട് കോടതിയില്‍ കള്ളന്‍ കയറി. രാവിലെ ജീവനക്കാരെത്തി കോടതി തുറന്നപ്പോഴാണ് കള്ളന്‍ കയറിയ വിവരം പുറത്തറിഞ്ഞത്. മജിസ്ട്രേറ്റിന്റെ മുറിയിലും തൊണ്ടി മുതല്‍ സൂക്ഷിച്ച മുറിയിലുമാണ് കള്ളന്‍ കയറിയത്. ജഡ്ജിയുടെ മേശ വാരിവലിച്ചിട്ട കള്ളന്‍ മേശപ്പുറത്തുണ്ടായിരുന്ന ലാപ്പ്ടാപ്പ് തല്ലിത്തകര്‍ത്തിട്ടുണ്ട്.

മോഷണശ്രമം അറിഞ്ഞതിനെ തുടര്‍ന്ന് കായംകുളം പോലീസ് കോടതിയില്‍ പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും കോടതിയിലെത്തി തെളിവുകള്‍ ശേഖരിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് കള്ളന്‍ അകത്ത് കടന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കോടതിയില്‍ നിന്ന് എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

സുപ്രധാന കേസുകള്‍ പലതും കോടതിയില്‍ വിചാരണയിലിരിക്കുന്നതിനാല്‍ കള്ളന്‍ കയറിയ സംഭവം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഏതെങ്കിലും കോടതി രേഖകള്‍ നഷ്ടപ്പെട്ടതായി അറിയില്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം പറയാന്‍ സാധിക്കൂവെന്നും കോടതി അധികൃതര്‍ അറിയിച്ചു.

Advertisements

കോടതി പരിസരം കാടുമൂടി കിടക്കുന്നതിനാല്‍ പുറത്തുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് അകത്തേക്കെത്തില്ല. മാസങ്ങള്‍ക്ക് മുന്‍പ് കോടതിക്കുള്ളിലെ അഭിഭാഷകരുടെ മുറിയിലും കള്ളന്‍ കയറിയിരുന്നു.

Share news