കാമുകനെ മറക്കാന്‍ കഴിയില്ലെന്ന് ഭാര്യ തുറന്നുപറഞ്ഞതോടെ സഹതാപം തോന്നിയ യുവാവ് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ വധുവിനെ കാമുകന് വിവാഹം ചെയ്തുകൊടുത്തു

കാണ്‍പൂര്‍: എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു ഭര്‍ത്താവിനെ കിട്ടാന്‍ ആഗ്രഹിക്കും. കാരണം ഭാര്യയുടെ സങ്കടം കാണാന്‍ കഴിയാതെ അവളെ കാമുകന് വിവാഹം ചെയ്തു കൊടുത്ത ഈ യുവാവ് എന്തുകൊണ്ടും ഒരു വീര പുരുഷന്‍ തന്നെയാണ്. കാമുകനെ മറക്കാന്‍ കഴിയില്ലെന്ന് ഭാര്യ തുറന്നുപറഞ്ഞതോടെ സഹതാപം തോന്നിയ യുവാവ് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ വധുവിനെ കാമുകന് വിവാഹം ചെയ്തുകൊടുത്തു.
സല്‍മാന്‍ഖാനും അജയ് ദേവ് ഗണും നായകന്മാരായും ഐശ്വര്യാറായി നായികയായും എത്തിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ദേ ചുകേ സനം’ എന്ന ബോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് സംഭവം. നായികയെ വിവാഹം കഴിച്ച ഭര്‍ത്താവ് ഒടുവില്‍ കാമുകന് ഭാര്യയെ തിരിച്ചുകൊടുക്കുന്ന ത്രികോണ പ്രണയകഥ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു. ഏതാണ്ട് ഈ സിനിമയ്ക്ക് സമാനമാണ് കാണ്‍പൂരുകാരായ സുജിത് എന്ന ഗോലുവിന്റെയും ഭാര്യ ശാന്തിയുടെയും കാമുകന്‍ രവിയുടേയും ജീവിതം.

കാണ്‍പൂരിലെ സാനിഗ്‌വാന്‍ ഗ്രാമത്തില്‍ ബുധനാഴ്ച സുജിത് ഗോലുവിന്റെ മേല്‍നോട്ടത്തില്‍ ഭാര്യയായിരുന്ന ശാന്തിയുടെ വിവാഹം ലക്‌നൗവിലെ ഗോസെയ്ന്‍ ഗഞ്ചുകാരനും മുന്‍ കാമുകനുമായ രവിയുമായി നടത്തിക്കൊടുത്തു. സാനിഗ്‌വാന്‍ കാരനായ സുജിത് ഗോലു ശ്യാംനഗറുകാരി ശാന്തിയെ വിവാഹം കഴിച്ചത് ഫെബ്രുവരി 19 നായിരുന്നു. എല്ലാ ചടങ്ങുകളോടും കൂടിയായിരുന്നു വിവാഹം. എന്നാല്‍ വിവാഹരാത്രിയുടെ പിറ്റേന്ന് തന്നെ ശാന്തി ചില മുടന്തന്‍ ന്യായം പറഞ്ഞ് സുജിത് എന്ന ഗോലുവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയി.

പിന്നീട് ശാന്തി മടങ്ങിവരാതിരുന്നതോടെ കാരണം അന്വേഷിച്ച് സുജിത്ത് ചെന്നെങ്കിലും അത് പറയാന്‍ കൂട്ടാക്കാതെ ശാന്തി ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ഏറെനേരം കഴിഞ്ഞ് അവള്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായി. താന്‍ ലക്‌നൗവിലുള്ള രവി എന്ന യുവാവുമായി കടുത്ത പ്രണയത്തിലായിരുന്നു എന്നും അതിനിടയിലാണ് വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി സുജിത്തിനെ വിവാഹം കഴിച്ചതെന്നും, തനിക്ക് രവിയെ മറക്കാന്‍ കഴിയില്ലെന്നും അവള്‍ അറിയിച്ചു.

എന്തുചെയ്യണമെന്നറിയാതെ നടുങ്ങിപ്പോയ സുജിത്ത് പിന്നീട് ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി പഠിച്ചശേഷം ഉചിതമായ തീരുമാനം എടുക്കാന്‍ തയ്യാറാകുകയായിരുന്നു. കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് ശാന്തിക്ക് വാക്കു കൊടുക്കുകയും ചെയ്തു. രവിയെയും മറ്റ് കുടുംബാംഗങ്ങളേയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയ ശേഷം എല്ലാവരുടേയും അനുമതിയോടെ രവിയുമായി ശാന്തിയുടെ വിവാഹം സുജിത്ത് നടത്തിക്കൊടുക്കുകയായിരുന്നു.
ശാന്തി ഇക്കാര്യം പറഞ്ഞതിന് പിന്നാലെ സുജിത്ത് ആദ്യം പോയത് രവിയുടെ അരികിലേക്കാണ്. ശാന്തിയുമായുള്ള ബന്ധത്തെക്കുറിച്ച് അയാളും വ്യക്തമാക്കി. രണ്ടു പേരും പറഞ്ഞത് മനസ്സിലാക്കിയ ശേഷം സുജിത്ത് പോയത് സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച സാനിഗ്‌വാനിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ അതിഥികളുടെ ഒരു വലിയ കൂട്ടത്തിന് മുന്നില്‍ വെച്ച് തന്റെ നേതൃത്വത്തില്‍ തന്നെ സുജിത്ത് വിവാഹം നടത്തുകയും ചെയ്തു.
”സംഭവം അറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് രണ്ടിനേയും കൊന്നുകളയാനായിരുന്നു. എന്നാല്‍ അങ്ങിനെ ചെയ്താല്‍ മൂന്ന് പേരുടെ ജീവിതം അതോടെ ഇല്ലാതാകുകയും അവരെ ആശ്രയിച്ചു ജീവിക്കുന്ന മറ്റുള്ളവരുടെ കുടുംബങ്ങളെയും അത് ബാധിക്കുമെന്ന തിരിച്ചറിവ് എന്നെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് കുടുംബത്തിലെ മുതിര്‍ന്നവരുമായി ആലോചിച്ച് എല്ലാവര്‍ക്കും സന്തോഷകരമാകുന്ന തീരുമാനം എടുത്തത്” എന്ന് സുജിത് പറഞ്ഞു.
വിവാഹത്തിന് പിന്നാലെ നാട്ടുകാര്‍ ഒന്നടങ്കം ഇപ്പോള്‍ തന്നെ പുകഴ്ത്തുകയാണ്. ഇത്തരത്തിലുള്ള ഒരു അസാധാരണ സംഭവം തങ്ങളുടെ ഗ്രാമത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ലെന്ന് അവര്‍ പറയുന്നു. സുജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഉത്തമമായ തീരുമാനമാണെന്നും ആര്‍ക്കും സുജിത്തിനെ ഉടന്‍ മറക്കാനാകില്ലെന്നും സാനിഗ്‌വാനിലെ പോലീസുകാരും പറയുന്നു.
അതേസമയം സുജിത്തിന്റെയും ശാന്തിയുടെയും രവിയുടേയും ജീവിതം ഇങ്ങനെയായെങ്കിലും ബാക്കി കാര്യങ്ങള്‍ ഹംദില്‍കേ ചുകേ സനത്തിന്റെ ക്ലൈമാക്‌സ് പോലെ ആകരുത്. സിനിമയില്‍ ഭര്‍ത്താവ് അജയ്‌ദേവ് ഗണ്‍ ഭാര്യ ഐശ്വര്യാറായിയെ മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന് കൊണ്ടു പോയി കൊടുത്തെങ്കിലും പിന്നീട് പശ്ചാത്താപം തോന്നിയ ഐശ്വര്യ സ്വന്തം ഭര്‍ത്താവിന്റെ മനസ്സ് തിരിച്ചറിയുകയും തിരിച്ചു പോരുകയുമായിരുന്നു.
