കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിശമന സേന രക്ഷപ്പെടുത്തി
വടകര: കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അഴിയൂര്‍ കുഞ്ഞിപള്ളിക്ക് സമീപം ദേശീയ പാതയില്‍ വാഹനാപകടത്തില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെയാണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. കോഴിക്കോടു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജാന്‍വി ബസും എതിര് ദിശയില്‍ വരുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.സംഭവത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ നിസാം പൂഴിത്തല വാഹനത്തിൻ്റെ കാബിന് അകത്ത് കാല് കുടുങ്ങി കിടക്കുകയായിരുന്നു.

ഉടന്‍ തന്നെ വടകര ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷന് ഓഫിസര്‍ കെ.കെ അരുണിൻ്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍, സ്പ്രെഡര്‍ എന്നിവ ഉപയോഗിച്ച് നിസാമിനെ സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ കെ. സതീശന്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ കെ.എസ്. സുജാതന്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ കെ.കെ. ബൈജു, രാഗിന് കുമാര്‍, ഐബി, സി.കെ. അര്ജുന്, പി.എം. സഹീര്‍, എം. വിപിന്‍, പ്രജിത്ത് നാരായണന് എന്നിവര്‍ പങ്കെടുത്തു.


