കാപ്പാട് കല്ലുമ്മക്കായ വില 100 രൂപയിലെത്തി

കൊയിലാണ്ടി: കാപ്പാട് തീരക്കടലിലെ പാറക്കൂട്ടങ്ങളില്‍നിന്ന് ശേഖരിച്ച കല്ലുമ്മക്കായ വാങ്ങാന്‍ നാടിന്റെ നാനാഭാഗത്ത്‌നിന്നും നൂറുകണക്കിനാളുകളെത്തി. ഒരുകിലോ കല്ലുമ്മക്കായയ്ക്ക് 100 രൂപ മുതല്‍ 130 രൂപ വരെ ഈടാക്കിയാണ് വില്‍പ്പന. കാപ്പാട് തീരത്ത് ഇത്തവണ നല്ലതോതില്‍ കല്ലുമ്മക്കായ ഉണ്ടായിരുന്നു. ഇത് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് കാപ്പാട്, എലത്തൂര്‍ നിവാസികള്‍ തമ്മില്‍ കടലില്‍ രണ്ട് പ്രാവശ്യം സംഘര്‍ഷവുമുണ്ടായിരുന്നു. തുടര്‍ന്ന് ജില്ലാഭരണകൂടം നടത്തിയ അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്. രണ്ടാഴ്ചയായി വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ ഒട്ടേറെ തൊഴിലാളികള്‍ ഇവിടെ നിന്ന് കല്ലുമ്മക്കായ പറിച്ചെടുത്ത് വില്‍പ്പന നടത്തിയതോടെയാണ് വിലകുറഞ്ഞത്. കാപ്പാട് കടലോരത്തെ പാറക്കൂട്ടങ്ങളിലുളള കല്ലുമ്മക്കായയ്ക്ക് രുചി കൂടുമെന്നതിനാലാണ് ഇത് ശേഖരിക്കാന്‍ കൂടുതല്‍ പേരെത്തിയത്.
