കാപ്പാട്ട് കടുക്ക ശേഖരിക്കുന്നതു സംബന്ധിച്ച് പ്രദേശവാസികള്‍ തമ്മില്‍ സംഘര്‍ഷം

കൊയിലാണ്ടി: കാപ്പാട്ട് തീരക്കടലിലെ പാറക്കൂട്ടങ്ങളില്‍നിന്ന് കടുക്ക ശേഖരിക്കുന്നതു സംബന്ധിച്ച് കാപ്പാട്, എലത്തൂര്‍ പ്രദേശവാസികള്‍ തമ്മില്‍ സംഘര്‍ഷം. വെള്ളിയാഴ്ച രാവിലെയാണ് കടലിലും തീരത്തുമായി ഇരുവിഭാഗക്കാര്‍ തമ്മില്‍ വാക്കു തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. സംഭവമറിഞ്ഞ് കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്‍, എസ്.ഐ. കെ. സുമിത്ത് കുമാര്‍, അത്തോളി എസ്.ഐ. വി.പി. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തിയതോടെയാണ് പ്രശ്‌നത്തിന് അയവുണ്ടായത്.
കാപ്പാട് ഭാഗത്തെ പാറക്കൂട്ടങ്ങളില്‍ നിന്ന് കടുക്ക പറിക്കാന്‍ എലത്തൂര്‍ ഭാഗത്തുള്ളവര്‍ സംഘടിച്ചെത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഈ ഭാഗത്ത് കല്ലുമ്മക്കായ പറിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്നായിരുന്നു കാപ്പാടുള്ളവരുടെ വാദം. ചെറിയ കടുക്കകള്‍ക്ക് നാശം ഉണ്ടാകാത്ത വിധത്തില്‍ കടുക്ക ശേഖരിക്കണമെന്നും ഒരു ദിവസം ഒരാള്‍ക്ക് ഒരു കൊട്ട കടുക്ക മാത്രമേ ശേഖരിക്കാവൂ എന്നുമുള്ള ധാരണ പുറത്തുനിന്നുള്ളവര്‍ ലംഘിക്കുന്നുവെന്നും കാപ്പാട്ടെ മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. എന്നാല്‍, കാപ്പാടുനിന്നുള്ളവര്‍ എലത്തൂര്‍ ഭാഗത്ത് നിന്ന് കടുക്ക പറിക്കാറുണ്ടെന്നും ഇതേ അവകാശം തങ്ങള്‍ക്കുമുണ്ടെന്നും എലത്തൂരുകാര്‍ വാദിച്ചു. പ്രശ്‌നത്തില്‍ തീരുമാനമാകുംവരെ കാപ്പാട് ഭാഗത്ത് ആരും കടുക്ക പറിക്കേണ്ടെന്നാണ് പോലീസ് നിര്‍ദേശം.

