കാനറ ബാങ്കിന്‍റെ ജപ്തി ഭീഷണിയില്‍ നെയ്യാറ്റിന്‍കരയിലെ മറ്റൊരു കുടുംബം

തിരുവനന്തപുരം: കാനറ ബാങ്കിന്‍റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തത് ഇന്നലെയാണ്. വായ്പ നല്‍കിയ കാനറ ബാങ്കിന്‍റെ തന്നെ സമ്മര്‍ദ്ദം കാരണം ആത്മഹത്യയുടെ വക്കിലാണ് നെയ്യാറ്റിന്‍കരയിലെ തന്നെ മറ്റൊരു നിര്‍ദ്ധനകുടുംബം. ഭര്‍ത്താവ് മരിച്ചതോടെ വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയ പുഷ്പലീലയും കുടുംബവും എന്ത് ചെയ്യണമെന്നറിയാത്ത നിലയിലാണ്.
മൂന്ന് പെണ്‍മക്കളുടെ വിവാഹത്തിനും മോട്ടോര്‍ പമ്ബ് ബിസിനസ് ആവശ്യങ്ങള്‍ക്കുമായാണ് പുഷ്പലീലയുടെ ഭര്‍ത്താവ് റസല്‍ രാജ് 2015ല്‍ കാനറാ ബാങ്കില്‍ നിന്നും വായ്പെടുത്തത്. പത്ത് ലക്ഷം രൂപയാണ് കുന്നത്തുകാല്‍ ശാഖയില്‍ നിന്ന് റസല്‍ കൈപ്പറ്റിയത്. 2018 ഫെബ്രുവരിയില്‍ റസല്‍രാജ് മരിക്കുന്നത് വരെ വായ്പ കൃത്യമായി അടച്ചു. റസല്‍ രാജിന്‍റെ മരണത്തോടെ ബിസിനസ് നഷ്ടത്തിലായി, വായ്പാ തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്കുകാരുടെ മട്ടും മാറി. പലിശയടക്കം 11 ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ആകെയുള്ള 30 സെന്‍റ് റബ്ബര്‍ പുരയിടം ഈട് വച്ചാണ് വായ്പയെടുത്തത്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിചെയ്യുമെന്ന് കാട്ടി നോട്ടീസ് പതിക്കുമെന്നാണ് ബാങ്ക് അധികൃതരുടെ ഭീഷണിയെന്ന് പുഷ്പലീല പറയുന്നു.

വായ്പാ തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ട് പുഷ്പലീല മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പക്ഷെ ഏത് നിമിഷവും ജപ്തി നപടികളുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് ഇപ്പോളിവര്‍. മാരായമുറ്റത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഇവരുടെ ആശങ്ക ഏറിയിരിക്കുകയാണ്.

