KOYILANDY DIARY.COM

The Perfect News Portal

കാനഡയില്‍ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്നു

ഒട്ടാവ: കാനഡയില്‍ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്നു. ദേശവ്യാപകമായി കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് ചൊവ്വാഴ്ചയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. സെനറ്റില്‍ 29-ല്‍ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കാനബിസ് ആക്റ്റ് പാസാക്കിയത്. കഞ്ചാവ് വളര്‍ത്തുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതാണ് നിയമം.

സെപ്റ്റംബര്‍ മാസം മുതല്‍ കാനേഡിയന്‍ ജനതയ്ക്ക് ലഹരി ഉപയോഗത്തിനായി കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും സാധിക്കും. നിയമാനുസൃതമായി കഞ്ചാവ് ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ ജി-7 രാജ്യമാണ് കാനഡ. ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ 2001 ല്‍ തന്നെ കാനഡ അനുവാദം നല്‍കിയിരുന്നു.

ഉറുഗ്വേയാണ് കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും നിയമപരമായ അംഗീകാരം നല്‍കിയ ആദ്യത്തെ രാജ്യം. 2013-ലാണ് ഇത് സംബന്ധിച്ച നിയമം ഉറുഗ്വേയില്‍ പ്രാബല്യത്തില്‍ വന്നത്.

Advertisements

”ഇത്രയും നാള്‍ ജനങ്ങള്‍ക്ക് അനായാസം കഞ്ചാവ് ലഭിക്കുകയും കുറ്റവാളികള്‍ ലാഭം കൊയ്യുകയുമായിരുന്നു. ഇന്ന് നമ്മള്‍ അത് മാറ്റുകയാണ്. കഞ്ചാവിനെ നിയമാനുസൃതമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിയമം അംഗീകാരം നേടിയിരിക്കുകയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു.

കഞ്ചാവ് വിപണിയില്‍ എത്തിക്കാന്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള ഭരണ സംവിധാനത്തിന് എട്ട് മുതല്‍ 12 ആഴ്ച വരെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ വ്യവസായികള്‍ക്കും പോലീസിനും പുതിയ നിയമ പരിഷ്‌കാരം വരുത്താനും കഴിയുമെന്നാണ് വിലയിരുത്തല്‍.

സെപ്റ്റംബര്‍ മാസത്തോടെ അംഗീകൃത നിര്‍മാതാക്കളില്‍ നിന്നും കഞ്ചാവും അനുബന്ധ ഉത്പന്നങ്ങളും ലഭ്യമാക്കും. ഇതിന് പുറമെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും കഞ്ചാവ് ലഭ്യമാക്കും. പ്രായപൂര്‍ത്തിയായവര്‍ക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശം സൂക്ഷിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാകുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഒരു വര്‍ഷത്തിനുള്ളില്‍ ഇവയും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത്തരം ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന്റെ സാധ്യത പഠിക്കാനാണ് സാവകാശം അനുവദിക്കുന്നത്.

ശക്തമായി മുന്നറിയിപ്പുകളോടെയായിരിക്കും കഞ്ചാവ് വിപണിയില്‍ എത്തിക്കുക. കഞ്ചാവിന്റെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് പരസ്യങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതിനും നാലില്‍ അധികം ചെടികള്‍ വീട്ടില്‍ വളര്‍ത്തുന്നതും അംഗീകാരമില്ലാത്ത വില്‍പ്പനകാരില്‍ നിന്ന് വാങ്ങിക്കുന്നതിനും അപ്പോഴും വിലക്കുണ്ട്. ഇത് ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനും നിര്‍ദേശമുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചവ് വില്‍ക്കുന്നത് 14 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

എന്നാല്‍, പ്രധാനമന്ത്രിയുടെ പുതിയ പരിഷ്‌കാരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം അപലപിച്ചിട്ടുണ്ട്. ഈ നിയമം തന്നെ ഭയപ്പെടുത്തുന്നതാണെന്നും ഇത് കഞ്ചാവ് ഉപയോഗം വ്യാപകമാക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ ഷീര്‍ പറഞ്ഞു.

2015-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജസ്റ്റില്‍ ട്രൂഡോ നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. ഈ നിയമത്തെ കാനഡയിലെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്നാണ് ഭരണപക്ഷത്തിന്റെ വിലയിരുത്തല്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *